ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഇൻഡോറിൽ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
ഏകദിന വനിതാ ലോകകപ്പിനായി ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം. വ്യാഴാഴ്ച ഹോട്ടലിൽ നിന്ന് കഫേയിലേക്ക് പോകുന്നതിനിടെ ഇൻഡോർ നഗരത്തിൽ വെച്ചാണ് രണ്ട് താരങ്ങൾക്കെതിരെ ഒരാൾ മോശമായി പെരുമാറിയത്. താരങ്ങൾ പരാതി അറിയിച്ചതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി
പോലീസിൽ പരാതി നൽകിയതായി ഓസ്‌ട്രേലിയൻ ടീം സെക്യൂരിറ്റി മാനേജർ പറഞ്ഞു. ബൈക്കിലെത്തിയ അകീൽ എന്ന യുവാവാണ് അറസ്റ്റിലായത്. ഇൻഡോറിലെ ആഡംബര ഹോട്ടലിലാണ് ഓസ്‌ട്രേലിയൻ ടീം താമസിക്കുന്നത്. താരങ്ങൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ മുതൽ യുവാവ് ബൈക്കിൽ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു.
താരങ്ങളോട് മോശമായി പെരുമാറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പോലീസ് താരങ്ങളെ സുരക്ഷിതമായി ഹോട്ടലിലെത്തിച്ചു. വെള്ളിയാഴ്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്തു. ബൈക്ക് നമ്പർ ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് വിവരം.