ഹൃദയാഘാതം: ബോളിവുഡ് നടനും ബോഡി ബിൽഡറുമായ വരീന്ദർ സിംഗ് ഗുമൻ അന്തരിച്ചു
Oct 10, 2025, 08:30 IST
നടനും ബോഡി ബിൽഡറുമായ വരീന്ദർ സിംഗ് ഗുമൻ(41) മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. തോളിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗുമൻ അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ഗുമന് ഹൃദയാഘാതമുണ്ടായി.
സൽമാൻ ഖാനൊപ്പം 2023ൽ ഇറങ്ങിയ ടൈഗർ 3, 2014ൽ ഇറങ്ങിയ റോർ: ടൈഗേഴ്‌സ് ഓഫ് സുന്ദർബൻസ്, 2019ൽ ഇറങ്ങിയ മർജവാൻ തുടങ്ങിയ ചിത്രങ്ങളിൽ വരീന്ദർ സിംഗ് ഗുമൻ അഭിനയിച്ചിട്ടുണ്ട്.
വരീന്ദർ സിംഗ് ഗുമൻ പഞ്ചാബിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടു അനുശോചിച്ചു. അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മന്ത്രി എക്‌സിൽ കുറിച്ചു.