കഫ് സിറപ്പ് മരണം 25 ആയി; മധ്യപ്രദേശിൽ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു
മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മൂന്ന് വയസുകാരിയാണ് മരിച്ചത്. ഇതോടെ മധ്യപ്രദേശിലും രാജസ്ഥാനിലുമായി വ്യാജ കഫ് സിറപ്പ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. രണ്ട് ദിവസം മുമ്പാണ് ചൗരൈ ഗ്രാമത്തിലെ അമ്പിക വിശ്വകർമയെന്ന 3 വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കൗണ്ടറിൽ നിന്ന് നൽകിയ കഫ് സിറപ്പ് കുട്ടി കുടിച്ചിരുന്നു. കുട്ടിയുടെ മെഡിക്കൽ റെക്കോർഡ്‌സ് പരിശോധിച്ച് വരികയാണെന്ന് ചിന്ദ്വാര കലക്ടർ അറിയിച്ചു. മറ്റ് രണ്ട് കുട്ടികളെയും സമാനമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കലക്ടർ വ്യക്തമാക്കി
കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 25 കുട്ടികളാണ് ഇതുവരെ മരിച്ചത്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളാണ് കൂടുതലും മരിച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്