ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡിജിറ്റൽ അറസ്റ്റിലൂടെ വിരമിച്ച അഭിഭാഷകനിൽ നിന്ന് തട്ടിയെടുത്തത് നാല് കോടിയോളം രൂപ. യുഎസിലെ ന്യൂയോർക്കിൽ അഭിഭാഷകനായി പ്രവർത്തിച്ചിരുന്ന അതുൽ തൽവാറിനാണ് നോയ്ഡയിൽ വച്ച് സൈബർ തട്ടിപ്പിന് ഇരയായി വൻ തുക നഷ്ടമായത്. സിബിഐ, എൻഐഎ ഉദ്യോഗസ്ഥരെന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘം ഇയാളെ കെണിയിൽപ്പെടുത്തിയത്.
ഡൽഹി സ്വദേശിയായ അതുൽ തൽവാർ 1982ലാണ് ന്യൂയോർക്കിലേക്ക് പോയത്. തുടർന്ന് അവിടെ മൂന്ന് പതിറ്റാണ്ടോളം അഭിഭാഷകനായി പ്രവർത്തിക്കുകയായിരുന്നു. ജൂലൈ 31ന് ഇന്ത്യയിലെത്തിയ ഇയാൾ ഗുരുഗ്രാമിൽ സഹോദരനൊപ്പം താമസിക്കുകയും നോയ്ഡ സെക്റ്റർ 30ലെ തറവാട് വീടിന്‍റെ നവീകരണത്തിന് മേൽനോട്ടം വഹിക്കുകയുമായിരുന്നു.
ഒക്റ്റോബർ 17നാണ് തട്ടിപ്പുസംഘം അതുൽ തൽവാറിനെ ഫോണിൽ ബന്ധപ്പെട്ടത്. മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ആദ്യത്തെയാൾ, പഹൽഗാം ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തൽവാറിന്‍റെ ആധാർ കാർഡ് കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ആധാർ വിവരങ്ങൾ ഉപയോഗിച്ച് ആരംഭിച്ച കാനറ ബാങ്ക് അക്കൗണ്ടിലൂടെ 53 കോടി രൂപ കൈമാറിയെന്നും ഇതിന് പ്രതിഫലമായി അഞ്ചുകോടി രൂപ ലഭിച്ചെന്നുമായിരുന്നു ആരോപണം.
ആരോപണങ്ങൾ നിഷേധിച്ചതോടെ മറ്റൊരാൾ ഫോണിലൂടെ വിളിച്ച് ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ സിബിഐ അസിസ്റ്റന്‍റ് ഡയറക്റ്ററുടെ പേരിലുള്ള വ്യാജ രഹസ്യരേഖ വാട്സാപ്പിലൂടെ അയച്ചു. തുടർന്ന് 20 ദിവസത്തോളം തൽവാറിനെ ഡിജിറ്റൽ അറസ്റ്റിലാക്കി.
വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈക്കലാക്കിയ സംഘം, സിറ്റിബാങ്കിലെ അക്കൗണ്ടിലുള്ള ഏകദേശം 3.8 ലക്ഷം ഡോളർ പിൻവലിച്ച് അന്വേഷണത്തിന്‍റെ ഭാഗമായി കൈമാറാൻ നിർദേശിച്ചു. ഇതുപ്രകാരം തൽവാർ പണം കൈമാറി. നികുതി അടയ്ക്കാനെന്ന പേരിൽ ഏകദേശം 1.5 കോടി രൂപയും ക്രിപ്റ്റോകറൻസി വഴി രണ്ടരക്കോടിയോളം രൂപയുമാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.
അന്വേഷണം പൂർത്തിയായാൽ പണം തിരികെ നൽകുമെന്ന് തട്ടിപ്പുകാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ പണം ലഭിക്കാതായതോടെ സംശയം തോന്നിയ അതുൽ തൽവാർ പരാതിയുമായി ഗൗതം ബുദ്ധ നഗറിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനെ സമീപിച്ചു. നവംബർ 11ന് ന്യൂയോർക്കിലേക്ക് മടങ്ങിയ ഇയാൾ എഫ്ബിഐയ്ക്കും പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബർ സുരക്ഷാ വിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ശൈവ്യ ഗോയൽ പറഞ്ഞു.