{"vars":{"id": "89527:4990"}}

മൊൻത ചുഴലിക്കാറ്റ്: 72 ട്രെയിൻ സർവീസുകൾ റദ്ദാക്കി, വിമാന സർവീസുകളെയും ബാധിക്കും
 

 

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻത ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയുമായി നടത്തേണ്ട നിരവധി പാസഞ്ചർ, എക്‌സ്പ്രസ് ട്രെയിൻ സർവീസുകൾ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. തീരദേശ ആന്ധ്ര റൂട്ടുകളിലെ 72ട്രെയിൻ സർവീസുകളാമ് റദ്ദാക്കിയത്

വിജയവാഡ, രാജമുൻട്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളെ ഇത് സാരമായി ബാധിക്കും. പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബർ 28ലെ എല്ലാ ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് യാത്രക്കാർ ടിക്കറ്റ് നില പരിശോധിക്കണമെന്നാണ് നിർദേശം

ഇന്ന് വൈകിട്ടോടെ ആന്ധ്രപ്രദേശിലാണ് മൊൻത ചുഴലിക്കാറ്റ് കര തൊടുക. ആന്ധ്രയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്

മൂന്ന് സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. ആന്ധ്രയിലും ഒഡീഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌