{"vars":{"id": "89527:4990"}}

മൊൻത ചുഴലിക്കാറ്റ് തീരത്തേക്ക്: ആന്ധ്രയിൽ പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു, 16 ജില്ലകളിൽ റെഡ് അലർട്ട്
 

 

മൊൻത ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു. 110 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിലും തെക്കൻ ഒഡീഷ തീരത്തും തമിഴ്‌നാട്ടിലും കനത്ത ജാഗ്രത തുടരുകയാണ്. ട്രെയിൻ-വിമാന സർവീസുകൾ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി

ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലർട്ടാണ്. 1149 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. 12 ദേശീയ ദുരന്തനിവാരണ സംഘങ്ങളും 11 സംസ്ഥാന ദുരന്തനിവാരണ യൂണിറ്റുകളും ചുഴലിക്കാറ്റ് ബാധിക്കുമെന്ന് കരുതുന്ന മേഖലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. 

ഇതിനോടകം പതിനായിരത്തോളം ആളുകളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. വിശാഖപട്ടണത്തിലൂടെയുള്ള നൂറിലധികം ട്രെയിനുകൾ റദ്ദാക്കി. സംസ്ഥാനത്തെ സ്‌കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്. തീരമേഖലയിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു.