യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി വിദേശകാര്യ മന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തി
Oct 27, 2025, 08:26 IST
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യു എസ്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി മലേഷ്യയിലെ കൗലാലംപുരിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, പ്രാദേശിക, ആഗോള വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. ആസിയാൻ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്.
മാർക്കോ റൂബിയോയെ കണ്ടതിൽ സന്തോഷമുണ്ടെന്നും ഉഭയകക്ഷി ബന്ധത്തെ കുറിച്ചും ആഗോള, പ്രാദേശിക വിഷയങ്ങളെ കുറിച്ചും ചർച്ച നടന്നതായി എസ് ജയശങ്കർ എക്‌സിൽ കുറിച്ചു. ഇന്ത്യയും യുഎസും തമ്മിൽ വ്യാപാര മേഖലയിൽ തർക്കങ്ങൾ നിലനിൽക്കുമ്പോഴാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച് യുഎസ് പ്രസിഡൻര് ട്രംപ് പലതവണ ഇന്ത്യക്കെതിരെ പരസ്യ വിമർശനം ഉയർത്തിയിരുന്നു. ഇതിന്റെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് 50 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.