ന്യൂഡൽഹി: ഡൽഹിയിലെ പ്രീത് വിഹാറിലുള്ള കഫേയിൽ 22കാരിയായ യുവതിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
കഫേയിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകരും തിങ്കളാഴ്ച രാത്രി നടത്തിയ ഒത്തുചേരലിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതി. രാത്രി 11.30ന് കഫേ അടച്ചശേഷവും ജീവനക്കാരിലൊരാളുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് സ്ഥാപനം വീണ്ടും തുറന്ന് സംഘം ഒത്തുചേരൽ തുടരുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 3.30 വരെ സംഘം കഫേയിൽ തുടർന്നതായാണ് റിപ്പോർട്ട്. ഇതിനിടെ രണ്ട് പുരുഷ സഹപ്രവർത്തകർ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും മറ്റുള്ളവർ ഇതിന് സഹായിച്ചെന്നുമാണ് യുവതിയുടെ പരാതി.
സംഭവത്തിൽ നാല് പുരുഷന്മാർക്കും രണ്ട് സ്ത്രീകൾക്കുമെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ശേഷിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.