{"vars":{"id": "89527:4990"}}

എത്ര പേരുടെ കഷ്ടപ്പാടാണ്, നിരാശയുണ്ട്, ദയവായി കാത്തിരിക്കൂ; ജനനായകൻ ചോർന്നതിൽ മമിത ബൈജു

 

വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ജനനായകൻ. ചിത്രത്തിന്‍റെ റിലീസ് നിയമക്കുടുക്കിൽപ്പെട്ടത് ആരാധകർക്ക് വലിയ നിരാശയായിരുന്നു. എന്നാൽ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിച്ചത് സിനിമയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോൾ അതിൽ പ്രതികരണവുമായി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മമിത ബൈജു രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രം നിയമവിരുദ്ധമായി പ്രചരിക്കുന്നത് തീർത്തും നിരാശാജനകമാണ് എന്നാണ് മമിത കുറിച്ചത്. "പ്രിയപ്പെട്ട പ്രേക്ഷകരേ, നിരവധി ആളുകളുടെ കഠിനാധ്വാനം, അഭിനിവേശം, അർപ്പണബോധം എന്നിവയിലൂടെയാണ് ഒരു സിനിമ ജീവൻ വെയ്ക്കുന്നത്. ഓരോ ദിവസവും അവർ തങ്ങളാൽ കഴിയുന്നതെല്ലാം നൽകുന്നു. ഇത് നിയമവിരുദ്ധമായി പ്രചരിക്കുന്നത് കാണുന്നത് തീർത്തും നിരാശാജനകമാണ്. ചില നിമിഷങ്ങൾ ഉദ്ദേശിച്ചതുപോലെ തന്നെ വലിയ സ്ക്രീനിൽ ഒരുമിച്ച് അനുഭവിക്കാൻ ഉള്ളതാണ്. ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ സിനിമ ശരിയായ രീതിയിൽ കാത്തിരുന്ന് ആസ്വദിക്കാം. ദയവായി പൈറസിയെ പിന്തുണയ്ക്കരുത്. സിനിമയെയും അതിന് പിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അതാണ്." മമിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഒരുക്കിയ ചിത്രമാണ് ജനനായകൻ. താരത്തിന്‍റെ രാഷ്ട്രീയമാണ് ചിത്രത്തിൽ പറയുന്നത് എന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട തർക്കത്തിന്‍റെ പേരിൽ ചിത്രത്തിന്‍റെ റിലീസ് തടയുകയായിരുന്നു. ടെസ്റ്റ് സ്ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് ചോർന്നത്. ഇതിൽ വിജയ്‌യുടെ ഇൻട്രോ സീൻ ഉൾപ്പടെയുണ്ട്. മുഴുവൻ ചിത്രം ചോർന്നതായും പലരും എക്സിൽ കുറിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.