{"vars":{"id": "89527:4990"}}

ഇൻഡോറിൽ 25 ട്രാൻസ്‌ജെൻഡറുകൾ ഫിനൈൽ കുടിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു
 

 

മധ്യപ്രദേശിലെ ഇൻഡോറിൽ 25 ട്രാൻസ്‌ജെൻഡേഴ്‌സ് തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന ഫിനൈൽ കുടിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു. ബുധനാഴ്ച രാത്രി നന്ദ്‌ലാൽപുര ദേരയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. ഇവരെ ഉടനെ എംവൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. മാധ്യമപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയ ആൾ ഒരു ട്രാൻസ്‌ജെൻഡറിനെ ബലാത്സംഗം ചെയ്യുകയും കൊള്ളയിടിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു പ്രതിഷേധം. പ്രതിക്കെതിരെ കേസെടുത്തിരുന്നുവെങ്കിലും ട്രാൻസ്‌ജെൻഡേഴ്‌സ് പ്രതിഷേധം തുടരുകയായിരുന്നു. 

എംവൈ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് ഇവർ കൂട്ടമായി ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജീവനൊടുക്കാനും ഇവർ ശ്രമിച്ചു. പോലീസ് ഉടൻ തന്നെ ബലം പ്രയോഗിച്ച് ഇവരെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

അതേസമയം ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ രണ്ട് വിഭാഗങ്ങളായ പായൽ ഗുരു, സീമ ഗുരു എന്നിവർ തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധവും ആത്മഹത്യാശ്രമവുമെന്നും റിപ്പോർട്ടുകളുണ്ട്.