ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ (എസ്എസ്ആര്‍) ഭാഗമായുള്ള പുതിയ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 18.84 ലക്ഷം വോട്ടര്‍മാര്‍ കൂടി. തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം (എസ്‌ഐആര്‍) പൂര്‍ത്തിയായ ശേഷമുള്ള കണക്കാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 13.58 കോടി കടന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നവ്ദീപ് റിന്‍വയാണ് കരട് പട്ടികയിലൂടെ ഈ കണക്കുകള്‍ പുറത്ത് വിട്ടത്. എസ്എസ്ആര്‍ കരട് പട്ടികയില്‍ 10.97 ലക്ഷം വനിത വോട്ടര്‍മാരും പുതിയതായി ഇടംപിടിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഏപ്രില്‍ 10നാണ് ഉത്തര്‍പ്രദേശില്‍ എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. അന്ന് സംസ്ഥാനത്ത് 13,39,84,792 വോട്ടര്‍മാരാണുണ്ടായിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് ഇത് 13,58,68,905 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ 18,84,113 പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പുതിയ പട്ടികയില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.
അതിനിടെ, ഉത്തര്‍പ്രദേശില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഹിന്ദു വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടെന്ന് ആരോപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി നല്‍കിയിരുന്നു. വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അവരുടെ ജാതിയോ മതമോ ഉള്‍പ്പെടുത്താറില്ലെന്നാണ് സിഇഒ നവ്ദീപ് റിന്‍വാ വ്യക്തമാക്കിയത്. എസ്ഐആറിന് ശേഷം വോട്ടര്‍പട്ടികയിലുണ്ടായ പൊരുത്തക്കേടുകളെ കുറിച്ച് ഒരു അഭിമുഖത്തിലയിരുന്നു യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്ന 1.27കോടിയോളം ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷമായെന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്.
ഒഴിവാക്കപ്പെട്ട 66 ലക്ഷം വോട്ടര്‍മാരില്‍, 55 ലക്ഷം പേര്‍ ഹിന്ദുക്കള്‍ക്കായുള്ള സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെട്ടവരാണെന്നും ഏകദേശം 4.5ലക്ഷത്തോളം പേര്‍ 18, 19 പ്രായമുള്ള യുവാക്കളാണെന്നും യോഗി അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇലക്ഷന്‍ കമ്മീഷന് ഒരു നിവേദനം നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മാധ്യമങ്ങള്‍ ഉയര്‍ത്തി ചോദ്യങ്ങള്‍ക്കാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തത വരുത്തിയത്.