ലഖ്‌നൗ: ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ കാണാതായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആരോപണത്തിൽ വിശദീകരണവുമായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ. വോട്ടർമാരുടെ മതം, ജാതി എന്നിവ സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഡാറ്റാബേസിൽ സൂക്ഷിക്കാറില്ലെന്നും അതിനാൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ ഔദ്യോഗിക വിശകലനം നടത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) പിന്നാലെ സംസ്ഥാനത്തെ വോട്ടർപട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ ഒഴിവാക്കപ്പെട്ടെന്നായിരുന്നു യോഗിയുടെ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നവരാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പട്ടികയിൽ നിന്ന് പുറത്തായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
യോഗിയുടെ ആരോപണങ്ങളോട് പ്രതികരിക്കവെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട് നവ്ദീപ് റിൻവ വ്യക്തമാക്കിയത്. വോട്ടറുടെ പേര്, പിതാവിന്‍റെയോ പങ്കാളിയുടെയോ പേര്, പ്രായം, വീടിന്‍റെ നമ്പർ, ലിംഗം തുടങ്ങിയ വിവരങ്ങളാണ് ഡാറ്റാബേസിലുള്ളത്. മതം, ജാതി തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്താറില്ല. അതിനാൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ വോട്ടർമാരുടെ കണക്കുകൾ തയ്യാറാക്കാൻ കമ്മിഷന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വോട്ടർപട്ടിക പൊതുരേഖയായതിനാൽ മാധ്യമങ്ങളും സ്വതന്ത്ര വിശകലന വിദഗ്ധരും പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് സ്വന്തം നിലയിൽ വിശകലനം നടത്താറുണ്ടെന്നും ഇത്തരം കണക്കുകളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക വിവരങ്ങളായി കാണാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 13.58 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 7,38,58,510 പുരുഷന്മാരും 6,20,06,353 സ്ത്രീകളും 4,042 ട്രാൻസ്ജെൻഡർമാരുമുണ്ട്. 18-19 പ്രായപരിധിയിലുള്ള 11,83,352 വോട്ടർമാരും പട്ടികയിലുണ്ട്. ഡിസംബർ 28നകം പരാതികൾ തീർപ്പാക്കിയശേഷം 2027 ജനുവരി നാലിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.