ന്യൂഡൽഹി: പാലത്തായി പീഡനക്കേസില്‍ ഒന്നാം പ്രതി പത്മരാജന് സുപ്രിംകോടതി വീണ്ടും നോട്ടീസ് അയച്ചു. പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് നടപടി. കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഹരജിയില്‍ സുപ്രിംകോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു.
കണ്ണൂർ പാലത്തായിയിൽ പത്തുവയസുകാരിയായ നാലാം ക്ലാസ് വിദ്യാർഥിനിയെ ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ.പത്മരാജൻ പീഡിപ്പിച്ചെന്നാണ് കേസ്. കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി പത്മരാജന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
എന്നാൽ ഈ വിധി ഹൈക്കോടതി മരവിപ്പിക്കുകയും പ്രതിക്ക് ജാമ്യം നൽകുകയും ചെയ്തിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ച കേസിൽ ഒരുവർഷവും 11 ദിവസവും മാത്രമാണ് പത്‌മരാജൻ ജയിലിൽ കഴിഞ്ഞതെന്നാണ് സംസ്‌ഥാന സർക്കാരിൻ്റെ ഹരജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.