{"vars":{"id": "89527:4990"}}

ജമ്മു കശ്മീരിലെ പൂഞ്ചിൽ വൻ തീപിടുത്തം; പന്ത്രണ്ടോളം കടകൾ പൂർണ്ണമായി കത്തിയമർന്നു

 

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ വൻ തീപിടുത്തത്തിൽ പന്ത്രണ്ടോളം കടകൾ പൂർണ്ണമായി കത്തിയമർന്നു. പൂഞ്ച് ജില്ലയിലെ സുരൻകോട്ട് തഹസിലിലുള്ള ബഫ്ലിയാസ് മാർക്കറ്റിലാണ് (Bufliaz Market) ദരുണമായ ഈ സംഭവം ഉണ്ടായത്.

​മാർക്കറ്റിലെ ഒരു കടയിൽ നിന്ന് ആരംഭിച്ച തീ നിമിഷങ്ങൾക്കകം തൊട്ടടുത്തുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും പടരുകയായിരുന്നു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും പ്രാദേശിക ഭരണകൂടവും ഉടൻ തന്നെ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. എന്നാൽ അതിനോടകം തന്നെ പന്ത്രണ്ടോളം കടകൾ പൂർണ്ണമായും ചാരമായിരുന്നു.

​ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.