{"vars":{"id": "89527:4990"}}

ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; 'കോക്രോച്ച് ജനതാ പാർട്ടി'ക്കൊപ്പം സോനം വാങ്ചുകും പങ്കുചേരും

 

പരീക്ഷാ നടത്തിപ്പിലെ വ്യാപകമായ ക്രമക്കേടുകളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധത്തിന് ഒരുങ്ങി യുവാക്കൾ. ഓൺലൈൻ കൂട്ടായ്മയായി തുടങ്ങി പിന്നീട് രാഷ്ട്രീയ പ്രസ്ഥാനമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്.

​സംഘടനയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് നേരിട്ടുള്ള പ്രതിഷേധ പരിപാടികളിലേക്ക് കടക്കാൻ സി.ജെ.പി തീരുമാനിച്ചത്. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ലഡാക്കിലെ സാമൂഹിക നേതാവുമായ സോനം വാങ്ചുകും ജന്തർ മന്തറിലെ ഈ യുവജന പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

​നീറ്റ് യു.ജി (NEET UG), സി.ബി.എസ്.ഇ (CBSE) തുടങ്ങിയ വിവിധ പ്രവേശന-പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ഗുരുതരമായ വിവാദങ്ങളുടെയും അപാകതകളുടെയും പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി അതിർത്തികളിലും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും ജന്തർ മന്തറിലും ഡൽഹി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൂർണ്ണമായും സമാധാനപരമായ രീതിയിലായിരിക്കും പ്രതിഷേധമെന്ന് സംഘാടകർ വ്യക്തമാക്കി.