നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥൻ മുഖേന ചർച്ച നടക്കുന്നതായി കേന്ദ്രം സുപ്രീം കോടതിയിൽ
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥൻ മുഖേന ചർച്ചകൾ നടത്തുന്നതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. എന്നാൽ ഈ മധ്യസ്ഥൻ ആരാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി വ്യക്തമാക്കിയില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എജി പറഞ്ഞു
നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ഫയൽ ചെയ്ത ഹർജി പരിഗണിക്കവെയാണ് എ ജി പുതിയ മധ്യസ്ഥന നിയോഗിച്ച കാര്യം കോടതിയെ അറിയിച്ചത്. ഈ മധ്യസ്ഥൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത വ്യക്തിയാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി.
കേസിൽ മധ്യസ്ഥ ശ്രമങ്ങൾ നടക്കുകയാണെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലും സുപ്രീം കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ഹർജി അടുത്ത ജനുവരിയിൽ പരിഗണിക്കാനായി മാറ്റി. അടിയന്തര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.