ന്യൂഡൽഹി: പുതുക്കിയ മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനുള്ള നടപടികൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം. മണ്ഡല പുനർനിർണയ (രണ്ടാം) ബിൽ 2026 ലോക്‌സഭയുടെ പരിഗണനയ്ക്ക് ശുപാർശ ചെയ്തതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 117(3) പ്രകാരമാണ് രാഷ്ട്രപതിയുടെ ശുപാർശ. നവംബർ 30ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് നടപടി.
പുതിയ ബിൽ പ്രകാരം ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 550ൽ നിന്ന് 850 ആയി ഉയർത്താനാണ് നിർദേശം. സംസ്ഥാന നിയമസഭകളിലെ അംഗസംഖ്യയുടെ പരമാവധി പരിധി 500ൽ നിന്ന് 650 ആയും ഉയർത്തും.
2011ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കാനും സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റുകളുടെ ആനുപാതിക വിഹിതം 2051 വരെ മാറ്റമില്ലാതെ നിലനിർത്താനുമാണ് നിർദേശം.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതും ബില്ലിന്റെ പ്രധാന ലക്ഷ്യമാണ്. 2029ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ് ലോക്‌സഭയുടെ പ്രത്യേക സമ്മേളനം. പുതിയ ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.