{"vars":{"id": "89527:4990"}}

ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന; ട്രംപിന്റെ റഷ്യൻ എണ്ണ പരാമർശത്തിന് മറുപടിയുമായി ഇന്ത്യ
 

 

ഊർജ വിഷയത്തിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്ന് കേന്ദ്രസർക്കാർ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടി നൽകുകയായിരുന്നു ഇന്ത്യ. വിദേശകാര്യ മന്ത്രാലയമാണ് മറുപടി നൽകിയത്

ട്രംപിന്റെ അവകാശവാദം ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പരോക്ഷമായി തള്ളി. ഇന്ധനലഭ്യതയും വില പിടിച്ചുനിർത്തുന്നതുമാണ് ഇന്ത്യയുടെ ഇറക്കുമതി നയം നിർണയിക്കുന്നതെന്നും പ്രതികരിച്ചു. ഇന്ത്യയിലേക്ക് കൂടുതൽ ഇന്ധനം കയറ്റുമതി ചെയ്യണമെന്ന താത്പര്യം അമേരിക്ക അറിയിച്ചെന്നും ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു

സ്ഥിരമായ ഊർജവിലയും സുരക്ഷിത വിതരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം. സാഹചര്യങ്ങൾക്കനുസരിച്ച് ഊർജ സ്രോതസ്സുകൾ വിപുലീകരിക്കുന്നതും വൈവിധ്യവത്കരിക്കുന്നതും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായും പ്രസ്താവനയിൽ പറയുന്നു.