കൊൽക്കത്ത: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ (SIR) നടപടിയിൽ പിതാവിന്റെ പേര് നീക്കം ചെയ്തതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. കൂച്ച് ബിഹാർ ജില്ലയിലെ ദിൻഹട്ടയിലാണ് സംഭവം.
ഖത്തമാരി ഗ്രാമവാസികളായ അബ്ദുൽ ഹബീബിന്റെയും അമീന ഖാത്തൂന്റെയും മകൾക്കാണ് ജനന സർട്ടിഫിക്കറ്റ് ലഭിക്കാത്തത്. സെപ്റ്റംബർ എട്ടിനാണ് ദിൻഹട്ട സബ് ഡിവിഷണൽ ആശുപത്രിയിൽ അമീന പെൺകുഞ്ഞിന് ജന്മം നൽകിയത്.
കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി ആശുപത്രിയെയും ഗ്രാമപഞ്ചായത്ത് ഓഫീസിനെയും സമീപിച്ചപ്പോൾ താമസസ്ഥലം സ്ഥിരീകരിക്കുന്ന രേഖ ഹാജരാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായാണ് കുടുംബത്തിന്റെ ആരോപണം. ഇതിനായി പഞ്ചായത്ത് അധികൃതരെയും പ്രാദേശിക എംഎൽഎയെയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
SIR നടപടിക്കിടെ വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അബ്ദുൽ ഹബീബ് ആരോപിച്ചു. തന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതിനാൽ താമസ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നാണ് അധികൃതർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താൻ ജനനം മുതൽ ഇന്ത്യയിലാണ് താമസിക്കുന്നതെന്നും കുടുംബത്തിന് ആവശ്യമായ രേഖകളുണ്ടെന്നും ഹബീബ് വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഹബീബിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ നൽകിയ അപ്പീൽ ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. കുഞ്ഞിന്റെ ജനന രജിസ്ട്രേഷൻ മാതാപിതാക്കളുടെ വോട്ടർ പട്ടികയിലെ സ്ഥിതിയുമായി ബന്ധിപ്പിക്കരുതെന്ന് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (APCR) ആവശ്യപ്പെട്ടു.