കോട്ട: രാജസ്ഥാനിലെ കോട്ട-ഉദയ്പുർ ദേശീയപാതയിൽ ശംഭുപുരയ്ക്ക് സമീപം തീർത്ഥാടകർ സഞ്ചരിച്ച വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
സിക്കാർ ജില്ലയിലെ ഖാട്ടു ശ്യാംജി ക്ഷേത്രത്തിൽ ദർശനം നടത്തി മഹാരാഷ്ട്രയിലെ ധൂലെയിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവരിൽ കുട്ടികളും ഉൾപ്പെടുന്നു. അമിതവേഗത്തിലെത്തിയ വാഹനം ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉഷ (60), സുശീല (65), കൈലാഷ് (45), ജാൻവി (6), സജ്ജൻ (60), അനിത, ബാബുലാൽ (60), ജാൻവി (13), മാധവി (45) എന്നിവരാണ് മരിച്ചത്. സിക്കാർ ജില്ലയിലെ ഖാട്ടു ശ്യാംജി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന മഹാരാഷ്ട്രയിലെ ധൂലെ സ്വദേശികളായ കുടുംബത്തിലെ 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്
വാഹനത്തിന്‍റെ തകരാർ പരിശോധിക്കുന്നതിനായി ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നുവെന്ന് ട്രക്ക് ഡ്രൈവർ ഹാറൂൺ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ താൻ ഏകദേശം 20 അടി ദൂരത്തേക്ക് തെറിച്ചുവീണതായും പത്ത് മിനിറ്റിനുശേഷം ബോധം വീണ്ടെടുത്ത് പൊലീസിനെയും ആംബുലൻസിനെയും വിളിച്ചതായും അദ്ദേഹം വ്യക്തമാക്കി. പരുക്കേറ്റവരെ ന്യൂ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുകയും ചെയ്തു.