പൊട്ടാനുള്ളത് ഹൈഡ്രജൻ ബോംബോ; രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം രാവിലെ 10ന്
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ ആണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടാകും എന്നാണ് സൂചന. ഹൈഡ്രജൻ ബോംബ് പക്കൽ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും രാഹുൽഗാന്ധി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും കർണാടക മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ രാഹുലിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയിരുന്നു.
മോദിയുടെ മണ്ഡലമായ വാരണാസിയിലെ തെരഞ്ഞെടുപ്പ് ക്രമക്കേടിനെ കുറിച്ച് രാഹുൽ വെളിപ്പെടുത്തുമെന്നാണ് കോൺഗ്രസ് ക്യാമ്പ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. വാരണാസിയിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് മുന്നിലെത്തിയതും മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതും വലിയ ചർച്ചയായിരുന്നു.