ഹോർമുസ് കടലിടുക്കിൽ വീണ്ടും എണ്ണക്കപ്പൽ അപകടത്തിൽപ്പെട്ടതായി ഇറാൻ നാവികസേന. നാവിക മൈനിൽ ഇടിച്ചതിനെ തുടർന്ന് കപ്പലിന് തീപിടിക്കുകയും സഞ്ചരിക്കാനാകാത്ത നിലയിലാകുകയും ചെയ്തെന്നാണ് ഇറാന്റെ അവകാശവാദം.
നവംബർ 25 ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഇറാൻ അറിയിച്ചു. മുന്നറിയിപ്പുകൾ അവഗണിച്ച് നിയന്ത്രിത മേഖലയിലേക്ക് പ്രവേശിച്ച കപ്പലിന്റെ നാവിഗേഷൻ സംവിധാനങ്ങൾ പ്രവർത്തനരഹിതമായിരുന്നുവെന്നും ഇറാൻ ആരോപിച്ചു.
അപകടത്തിൽപ്പെട്ട കപ്പലിന്റെ പേരോ ജീവനക്കാരുടെ വിവരങ്ങളോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ഇറാൻ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള ഇറാന്റെ അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിക്കുകയാണ്.