ലൈസന്‍സില്ലാത്ത സ്പാകള്‍; അതിന്റെ മറവില്‍ സെക്‌സ് റാക്കറ്റ് തട്ടിപ്പ്: പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകള്‍ കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു ലൈസന്‍സുമില്ലാതെ പല സ്പാകളും ഒരു ബോര്‍ഡും വച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. ഇതിനെല്ലാമെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

സ്പായുടെ മറവില്‍ നിരവധി സാമ്പത്തിക തട്ടിപ്പുകളും സെക്‌സ് റാക്കറ്റും പ്രവര്‍ത്തിക്കുന്നതായി മനസിലാക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഇതിനെതിരെ ഉടനടി നടപടി സ്വീകരിക്കും. കൊച്ചിയിലാണ് ഇത്തരം സംഘങ്ങള്‍ കൂടുതലെങ്കിലും ഇവര്‍ മറ്റ് സ്ഥലങ്ങളിലുമുണ്ടെന്നും മന്ത്രി പറഞ്ഞു. കളമശേരിയിലെ സ്പായിലെ കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കളമശേരിയിലെ ബലാത്സംഗക്കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന് യുവതി മൊഴി നല്‍കി. അറസ്റ്റിലായ നാലു പ്രതികളെയും യുവതി തിരിച്ചറിഞ്ഞു. ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നീ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.

Tags

Share this story