നന്ദ്യാർവട്ടം: Part 15

നന്ദ്യാർവട്ടം: Part 15

നോവൽ


നന്ദ്യാർവട്ടം: Part 15

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

നിരഞ്ജന പേപ്പറുകൾ ഓരോന്നായി നോക്കി ..

” ആദി വീണോ …..” അവൾ ചോദിച്ചു ..

” യെസ് … ബെഡിൽ നിന്ന് ……. ” ശബരി പറഞ്ഞു …

താൻ തള്ളിയിട്ടതാണെന്ന് അവൻ പറഞ്ഞില്ല .. എത്രയായാലും അവൾ പ്രസവിച്ച കുഞ്ഞല്ലേ .. അതവൾക്ക് ഇഷ്ടപ്പെട്ടു എന്ന് വരില്ല …. വെറുതെയൊരു കല്ലുകടിയുണ്ടാക്കണ്ട എന്നവൻ കരുതി ..

” ശരി …. ഞാൻ നാളെ തന്നെ അഡ്വക്കേറ്റിനെ കാണാം…… ” നിരഞ്ജന പറഞ്ഞു …

* * * * * * * * * * * * * * * * * * * * * * * * *

വിനയ് ബാൽക്കണിയിലിരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു …

സംസാരിച്ചു കഴിഞ്ഞപ്പോൾ അഭിരാമി അവന്റെയടുത്തേക്ക് ചെന്നു ..

” വിനയേട്ടാ ……” അവൾ വിളിച്ചു ..

” എന്ത് വേണം ….” തല തിരിച്ച് ഒട്ടും മയമില്ലാതെ അവൻ ചോദിച്ചു ..

” എന്റെ ലീവ് ഇന്ന് കഴിഞ്ഞു .. നാളെ മുതൽ കോളേജിൽ പോകണം ….”

” ങും ……….. ” അവൻ മൂളി …

” ആദിയെ രാവിലെ അമ്മേടടുത്ത് ആക്കിയാൽ മതിയല്ലോ … ഞാൻ നാലരയാകുമ്പോ തിരിച്ചു വരും … ” അവൾ പറഞ്ഞു ..

” മതി ……..” പറഞ്ഞിട്ട് അവൻ ഫോണിലേക്ക് തല താഴ്ത്തി …

അവൾ അത് നോക്കി നിന്നു ..

” വിനയേട്ടാ …..” അവൾ വീണ്ടും വിളിച്ചു ..

” ഇനി എന്ത് വേണം നിനക്ക് …” അവന് ദേഷ്യമായിരുന്നു അവളോട് …

” വിനയേട്ടനെന്തിനാ ഇങ്ങനെ ചൂടാവണെ … കാര്യമറിയാതെ ഓരോന്ന് വിളിച്ചു പറഞ്ഞിട്ട് പിന്നെ ഒന്നും തിരിച്ചെടുക്കാൻ പറ്റില്ല …..” അവൾക്കും ദേഷ്യം വന്നു ..

അവൻ ചാടിയെഴുന്നേറ്റു ..

” ആദി തറയിൽ വീണത് നിന്റെ അശ്രദ്ധയല്ല … ഉറങ്ങാൻ കിടക്കുമ്പോ ബെഡിന്റെ ഓരത്ത് കിടക്കാതിരിക്കേണ്ടതും , പില്ലോ വയ്ക്കേണ്ടതും ഒക്കെ അവൻ തന്നെ ചെയ്യേണ്ടതായിരുന്നു .. നിനക്കിതിൽ യാതൊരു ഉത്തരവാദിത്തവുമില്ല … കഴിഞ്ഞല്ലോ … ഇനിയെന്താ നിനക്ക് വേണ്ടത് ….” അവൻ പരിഹാസത്തോടെ ചോദിച്ചു …

” ഇത്ര കഷ്ടപ്പെട്ട് വിനയേട്ടൻ ഒന്നും വിശ്വസിക്കണ്ട … ഞാനാദിയെ ബെഡിൽ നിന്ന് തള്ളിയിട്ടതാ … സമാധാനമായില്ലെ … ” അവൾ ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞിട്ട് വെട്ടിത്തിരിഞ്ഞ് അകത്തേക്ക് കയറിപ്പോയി …

അവളുടെ കണ്ണ് നിറഞ്ഞൊഴുകി ..

അത്രയും പറയേണ്ടിയിരുന്നില്ലെന്ന് വിനയ്ക്കും തോന്നി ….

അഭിരാമി ചെന്ന് ബെഡിൽ ഇരുന്നു .. ആദി നല്ല ഉറക്കമായിരുന്നു ..

അവൾ ആദിയുടെ നെറ്റിയിൽ തൊട്ടു നോക്കി ..

പനി വിട്ടിട്ടില്ല …

അവൾ അവനെ മെല്ലെ തലോടി .. പിന്നെ കുനിഞ്ഞ് ആ നെറ്റിയിൽ ചുംബിച്ചു …

“പപ്പ പറഞ്ഞത് മമ്മ നാടകം കളിക്കുന്നെന്നാ … ആണോ ആദി …. മമ്മക്ക് മോനോടുള്ള സ്നേഹം നാടകമാണോ ………” അവന്റെ കുഞ്ഞുകൈ പിടിച്ച് നെറ്റിയിൽ മുട്ടിച്ച് അവൾ വിതുമ്പി …

വിനയ് ഉച്ചക്ക് പറഞ്ഞത് അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു ..

” അപ്പഴും ന്റെ പൊന്ന് മമ്മയെ കൈവിട്ടില്ലല്ലോ … ജയിപ്പിച്ചില്ലേ എല്ലാരുടെം മുന്നിൽ ആദ്യമായി മമ്മയെന്ന് വിളിച്ച്കൊണ്ട് .. മമ്മയെന്ത് പുണ്യം ചെയ്തിട്ടാടാ നിന്നെ എനിക്ക് മകനായി കിട്ടിയത് … ” അവളിൽ നിന്നടർന്ന കണ്ണുനീർ അവന്റെ കുഞ്ഞു വിരലുകളെ നനച്ചു ..

കിടക്കാനായി റൂമിലേക്ക് വന്ന വിനയ് , വാതിൽക്കൽ നിന്ന് അത് കേട്ടു ..

അവനും കുറ്റബോധം തോന്നി .. അവളോട് അത്രയൊന്നും പറയേണ്ടിയിരുന്നില്ല ..

* * * * * * * * * * * * * * * * * * * * *

പിറ്റേന്ന് അഭിരാമി നേരത്തെ തന്നെ എഴുന്നേറ്റു ..

ബ്രേക്ക് ഫാസ്റ്റും ചോറും കറികളും എല്ലാം റെഡിയാക്കി ..

ചായകൊണ്ട് ചെന്ന് ടേബിളിൽ വച്ചിട്ട് വിനയ് യെ വിളിച്ചുണർത്തി ..

അവനോടൊന്നും സംസാരിക്കാൻ നിന്നില്ല ..

അവളുടെ പിണക്കം മാറിയിട്ടില്ലെന്ന് അവന് മനസിലായി ..

വിനയ് ഇറങ്ങി താഴെ വന്നപ്പോൾ ശബരിയും ഹാളിലേക്ക് വന്നു ..

” ഞാനിന്ന് അങ്ങോട്ട് മാറിയാലോന്നാ അലോചിക്കുന്നേ .. ഇന്നലെ പാക്ക് ചെയ്തത് അത് പോലെ തന്നെ ഇരിക്കുന്നുണ്ട് …..” പോകണ്ട എന്ന് വിനയ് പറയുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ശബരി പറഞ്ഞു ..

” ങും … ഞാൻ വേണങ്കിൽ പുള്ളിയെ വിളിച്ച് പറയാം …… ” വിനയ് പറഞ്ഞു ..

ശബരി അടികിട്ടിയത് പോലെയായി ..

പണി പാളി … പോകണ്ട എന്ന് അവന്റെ നാവ് കൊണ്ട് പറയുമെന്ന് കരുതിയതാണ് ഇപ്പോൾ പാളിയത് ..

അവളുമായി കോംപ്രമൈസായോ …

ഇന്നലെ പോകണ്ട എന്ന് പറഞ്ഞിട്ട് ഇന്നിപ്പോ പാടെ മാറാൻ കാരണം , എത്രയാലോചിച്ചിട്ടും ശബരിക്ക് മനസിലായില്ല ..

ആദിക്ക് പാലും ഫുഡും ഒക്കെ കൊടുത്ത് , മരുന്നും കഴിപ്പിച്ചിട്ട് അവൾ വസ്ത്രം മാറാൻ കയറി ..

അപ്പോഴും അവൾ മുഖം വീർപ്പിച്ച് വച്ചിരുന്നു .. വിനയ് യോട് ഒന്നും സംസാരിച്ചില്ല ..

അധികം ആഡംബരങ്ങളില്ലാത്ത ഇളം പച്ച നിറത്തിലുള്ള ഷിഫോൺ സാരിയാണ് അവൾ ഉടുത്തത് ..

വിനയ് യും പോകാൻ റെഡിയാവുകയായിരുന്നു ..

ഇത്രയായിട്ടും അവൾക്ക് മിണ്ടാൻ ഉദ്ദേശമില്ലെന്ന് അവന് മനസിലായി ..

തന്റെ ഭാര്യയായി വന്ന ശേഷം ഈ വീട്ടിൽ നിന്ന് അവൾ ആദ്യമായാണ് ജോലിക്ക് പോകുന്നത് … സങ്കടപ്പെടുത്തി വിടാൻ അവന്റെ മനസ് അനുവദിച്ചില്ല ..

അവൻ പുറകിലൂടെ ചെന്ന് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു ..

” വിട് വിനയേട്ടാ …” അവൾ കുതറി ..

” ഓ …. ഇത്രക്ക് പിണക്കമാണോ തമ്പുരാട്ടിക്ക് …. ” അവൻ അവളുടെ മുടി മാറ്റി , തോളിലേക്ക് മുഖം വച്ച് ചെവിയിൽ ചുംബിച്ചു ..

അവന്റെ ചുടു നിശ്വാസം അവളുടെ കവിളത്ത് തട്ടി ..

അവൾ കടക്കണ്ണാലെ അവനെ നോക്കി ..

അവൾ തിരിഞ്ഞ് നിന്നു … അവനവളെ പുണർന്നു ..

” സോറി …. അപ്പോഴത്തെ വിഷമത്തിൽ … സോറി മോളെ….. ” അവൻ അവളുടെ താടിത്തുമ്പിൽ തൊട്ട് , ആ കണ്ണുകളിലേക്ക് നോക്കി ക്ഷമയാചിച്ചു …

” വേണ്ട …. ഒന്നും പറയണ്ട …..” പരിഭവത്തോടെ അത് പറയുമ്പോൾ അവളുടെ ചുണ്ടും മൂക്കും വിറച്ചു .. തൊണ്ടയിടറിപ്പോയി …

” എനിക്കൊത്തിരി കാര്യങ്ങൾ പറയാനുണ്ടെന്ന് ഞാനെത്രയായി പറയുന്നു വിനയേട്ടാ .. ഇത്തിരി സമയം എനിക്ക് വേണ്ടി മാറ്റി വക്കില്ലല്ലോ …” അവൾ വിതുമ്പി ..

” സോറി പൊന്നേ .. നീ കാണുന്നതല്ലേ എന്റെ തിരക്ക് .. ഇന്ന് നേരത്തെ വരാം … ഇന്ന് മുഴുവൻ നിനക്കാണ് .. ” അവൻ പറഞ്ഞു ..

” ഇന്ന് പറ്റില്ല .. വൈകിട്ട് എന്റെ വീട്ടിൽ പോകണം … നമ്മളിതുവരെ അങ്ങോട്ട് പോയില്ലല്ലോ ..വിനയേട്ടന്റെ തിരക്ക് കാരണം മാറ്റിവച്ചതല്ലേ .. പാവം അമ്മ … ഒത്തിരി ദിവസായി വിളിക്കുന്നു .. ” അവൾ പറഞ്ഞു ..

” ശരിയാണ് … പോകാം നമുക്ക് ……..” അവൻ ഉറപ്പ് കൊടുത്തു ..

അവൾ പുഞ്ചിരിച്ചു ..

* * * * * * * * * * * * * * * *

ശബരി ബാഗുകളെല്ലാം റെഡിയാക്കി വച്ചു … അവൻ സ്വയം പഴി പറഞ്ഞു ..

ചോദിച്ചത് അബദ്ധമായി ..

അവൻ ബാത്ത് റൂമിൽ ചെന്ന് ഒരു ചെറിയ കഷണം സോപ്പെടുത്തു …

അതുമായി ഹാളിലേക്ക് വന്നു …

വിനയ് യും , അഭിരാമിയും മുകളിലായിരുന്നു …

അവൻ വേഗം ഫ്രണ്ട് ഡോറിന്റെ അടുത്തേക്ക് ചെന്നു ..

ഭാഗ്യം ….. കീ , കീ ഹോളിൽ തന്നെയുണ്ട്….

അവൻ വേഗം ആ കീയെടുത്തു … പിന്നെ സോപ്പിലേക്ക് വച്ച് പതിപ്പിച്ചു …

കീ തിരിച്ച് ,ഡോറിൽ തന്നെ വച്ചിട്ട് അവൻ വേഗം തിരികെ റൂമിൽ വന്നു …

ബാഗുകൾ പെറുക്കി പുറത്തേക്ക് വച്ചു …

കുറച്ചു കഴിഞ്ഞപ്പോൾ വിനയ് യും , പിന്നാലെ ആദിയെ എടുത്തു കൊണ്ട് അഭിരാമിയും ഇറങ്ങി വന്നു …

ശബരി പോവുകയാണെന്നറിഞ്ഞപ്പോൾ അഭിരാമിക്ക് ആശ്വാസമായി ..

അവൾ വിനയ് ക്കും ശബരിക്കും അവൾക്കും ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചു ..

മൂന്നു പേരും ഒരുമിച്ചാണ് കഴിച്ചത് ..

ആദി ആ സമയം , തന്റെ ടോയിസുമായി അവിടെ മുഴുവൻ വികൃതി കാട്ടി ഓടി നടന്നു ..

കഴിച്ച് കഴിഞ്ഞ് അഭിരാമി ചെന്ന് ആദിയെ എടുത്തു …

” നീ കൂടി വാ.. ഞാൻ കൊണ്ട് വിടാം ….” വിനയ് അവളെ വിളിച്ചു ..

” നിങ്ങൾ പൊയ്ക്കോ വിനയേട്ടാ … എനിക്ക് സമയമുണ്ട് .. ശബരിക്ക് ലഗേജുള്ളതല്ലേ .. വിനയേട്ടൻ കൊണ്ടാക്കു അവിടെ …. ” അവൾ പറഞ്ഞു ..

തന്നെ ഒഴിവാക്കാനുള്ള അവളുടെ ധൃതി കണ്ടില്ലേ … കാണിച്ചു തരാമെടി ….. ശബരി മനസിൽ പറഞ്ഞു …

വിനയ് യും ശബരിയും പോയ ശേഷം , അഭിരാമി ഗേറ്റടച്ച് ആദിയെയും കൊണ്ട് നടന്നു …

അവർ ചെല്ലുമ്പോൾ പ്രീത സ്കൂളിൽ പോകാൻ റെഡിയായി നിൽക്കുന്നു ..

” ശ്രിയ പോയോ പ്രിയേടത്തി ….. ”

” പോയി .. അവൾക്ക് രാവിലെ ട്യൂഷനുള്ളതല്ലേ …. ”

പ്രീത അഭിരാമിയുടെ അടുത്തേക്ക് വന്നു .. എന്നിട്ട് ആദിയുടെ നെറ്റിയിൽ കൈവച്ചു നോക്കി ..

” പനി കുറവുണ്ടോ ആദിക്കുട്ടാ …. ” അവൾ ചോദിച്ചു ..

” ഇപ്പോ വിട്ടു നിൽക്കുവാ .. രവിലെ ചെറിയ ചൂടുണ്ടാരുന്നു …. ” ആമി പറഞ്ഞു ..

” പേടിച്ച് പോയിക്കാണും …… പാവം .. ” പ്രീത അവന്റെ കവിളിൽ ഉമ്മ വച്ചു ..

” ഏടത്തി എങ്ങനെയാ പോകുന്നേ … ” അഭിരാമി ചോദിച്ചു ..

” റോഡിൽ കയറിയാൽ ബസുണ്ട് … നീയും വാ …. നിന്റെ കോളേജും അങ്ങോട്ടല്ലേ .. നമുക്ക് ഒരുമിച്ച് പോകാം … ” പ്രീത പറഞ്ഞു ..

അപ്പോഴേക്കും സരള അങ്ങോട്ട് വന്നു അവന്റെ നേരെ കൈ നീട്ടി …

അവൻ മുഖം തിരിച്ചു കളഞ്ഞു ..

” കണ്ടോ … കള്ളനിപ്പോ നമ്മുടെ കൈയിലൊന്നും വരാനിഷ്മല്ല… അവന് മമ്മയെ മതി ….. ” സരള കപട ഗൗരവത്തിൽ പറഞ്ഞു ..

അഭിരാമി അഭിമാനത്തോടെ ചിരിച്ചു ..

” ആദിക്കുട്ടൻ അച്ഛമ്മേടടുത്ത് ചെല്ല് … ” ആമി പറഞ്ഞു …

സരള എടുക്കാൻ കൈനീട്ടിയതും അവൻ ചിണുങ്ങിക്കൊണ്ട് അഭിരാമിയെ മുറുകെ പിടിച്ചു ..

” റ്റാറ്റ ……” അവനെന്നിട്ട് സരളക്ക് ടാറ്റ പറഞ്ഞു …

അഭിരാമി എവിടെയോ പോകാനൊരുങ്ങിയതാണെന്ന് അവന് മനസിലായി .. അവൾക്കൊപ്പം ടാറ്റ പോവാനിരിക്കുകയാണ് ആദിയും ….

” അച്ചോടാ … മോനും വരുന്നുണ്ടോ … ” അഭിരാമി അവനെ ഉമ്മ വച്ചു …

ഇനിയിപ്പോൾ എന്ത് ചെയ്യുമെന്ന മട്ടിൽ അഭിരാമി സരളയെ നോക്കി ..

വഴിയുണ്ടെന്ന് സരള കണ്ണ് കാണിച്ചു ..

” ടാറ്റ പോവാനാണേൽ ആദി പോയി കിറ്റിയേ കൂടി വിളിച്ചിട്ട് വാ … പാവം കിറ്റി .. ആദിയെ കാണാതെ വിഷമിച്ചിരിക്കുവാ ….” സരള പറഞ്ഞു ..

കിറ്റി എന്ന് കേട്ടപ്പോൾ അവൻ അടുക്കള ഭാഗത്തേക്ക് നോക്കി ..

അതവിടെയൊക്കെ കറങ്ങി നടക്കുന്ന പൂച്ചയാണ് .. ആദിക്ക് വലിയ ഇഷ്ടമാണ് കിറ്റിയെ ..

ആദിയെ അഭിരാമി നിലത്ത് നിർത്തി .. ആദ്യം ഒന്ന് മടിച്ചെങ്കിലും അവൻ നിലത്ത് നിന്നു …

പന്നെ വേഗം തത്തി തത്തി അടുക്കള ഭാഗത്തേക്ക് നടന്നു … പിന്നെ തിരിഞ്ഞ് അഭിരാമിയെ നോക്കി .. അവളവിടെയുണ്ടെന്ന സമാധാനത്തിൽ അവൻ വീണ്ടും നടന്നു ..

” നീ പൊക്കോ….. നീ പൊക്കോ .. ” ആദി കണ്ണിൽ നിന്നു മറഞ്ഞതും സരള തിരക്കുകൂട്ടി ..

അവൾ കൊണ്ടു വന്ന പാൽ സരളയെ ഏൽപിച്ചു ..

” നീയവിടെ നിന്നാൽ മതി ആമി .. ഞാനങ്ങോട്ട് വരാം … ” പ്രീത പറഞ്ഞു ..

തലയാട്ടി കൊണ്ട് അവൾ വേഗം തിരിച്ചിറങ്ങി …

ആദിയെ അവിടെ വിട്ടിറങ്ങിയപ്പോൾ അവളുടെ നെഞ്ച് വിങ്ങി…. ഒരുമ്മ കൂടി കൊടുക്കാൻ കഴിയാത്തതിൽ അവൾക്ക് സങ്കടം തോന്നി ..

ആദിയപ്പോൾ പിന്നാമ്പുറത്ത് കിറ്റിയെ തിരക്കുകയായിരുന്നു … മമ്മക്കൊപ്പം ടാറ്റ പോകുവാൻ …

* * * * * * * * * * * * * * * * * *

വൈകിട്ട് വിനയ് യും അഭിരാമിയും ആദിയും കൂടി അഭിരാമിയുടെ വീട്ടിൽ പോയി .. അവർ തിരിച്ചെത്തിയപ്പോൾ ഒരുപാട് വൈകിയിരുന്നു ..

ആദി കാറിലിരുന്ന് തന്നെ ഉറക്കം പിടിച്ചിരുന്നു …

തിരിച്ച് വിനയ് ക്കൊപ്പം വീട്ടിൽ വന്നു കയറുമ്പോൾ അവൾക്ക് അതുവരെയില്ലാത്ത ഒരാശ്വാസമായിരുന്നു… ഇനി തങ്ങൾക്കിടയിൽ ശബരിയില്ലല്ലോ …

ആദിയെ ബെഡിൽ കിടത്തിയിട്ട് അഭിരാമി മുടിയഴിച്ച് മുകളിലേക്ക് വാരിക്കെട്ടിവച്ചു .. പിന്നെ ടവലും നൈറ്റ് ഡ്രസുമെടുത്തു കൊണ്ട് ബാത്ത് റൂമിലേക്ക് കയറി ..

അവൾ മേല് കഴുകി വരുമ്പോൾ വിനയ് വസ്ത്രം മാറ്റി അവളെ കാത്തിരിക്കുകയായിരുന്നു ..

” വിനയേട്ടാ … എനിക്ക് പതിനെട്ടാം തീയതി കുട്ടികളെയും കൊണ്ട് കോളേജിൽ നിന്ന് ഒരു പ്രോഗ്രാമിന് പോകണം .. മൂന്ന് ദിവസത്തെ പ്രാഗ്രാമാണ് .. നേരത്തെ ഫിക്സ് ചെയ്തതാ .. ഇന്റർകോളേജ് ആർട്ട്സ് ഫെസ്റ്റ് ആണ് .. ഞങ്ങടെ കോളേജിലെ കുറച്ച് കുട്ടികൾക്ക് സെലക്ഷനുണ്ട് .. ”

” എവിടെ വച്ചാ …. .. ” അവൻ ചോദിച്ചു ..

” തേനിയിൽ വച്ചിട്ടാ .. ”

” അപ്പോ മൂന്ന് ദിവസം ഞങ്ങൾ തനിച്ച് .. അല്ലേ …. ” അവൻ നിരാശയോടെ ചോദിച്ചു ..

അവൾ തലയാട്ടി …

” മുന്നേ ഫിക്സ് ചെയ്തതാ വിനയേട്ടാ … അന്ന് ഞാൻ സിങ്കിളായിരുന്നു .. കുടുംബോം കുട്ടികളും ഉള്ളവരൊക്കെ നൈസായിട്ട് ഒഴിഞ്ഞു .. ഒരു ചന്ദ്രൻ സാറുണ്ട് കോളേജിൽ .. അയാളാ എന്നെ നിർബന്ധിച്ച് ഇതിൽ പിടിച്ചിട്ടത് .. ഇന്നിപ്പോ അവർ വീണ്ടും എന്നെ ഇതോർമിപ്പിച്ചു …. ” അവൾ വിഷമത്തോടെ പറഞ്ഞു ..

” മൂന്ന് ദിവസം ആദിയെ വിട്ട് നിക്കുന്നത് ഓർക്കുമ്പോഴാ .. ഇന്ന് തന്നെ അവനെ വിട്ടിട്ട് പോയപ്പോ എനിക്കെന്തൊരു സങ്കടമായിരുന്നു … ”

” അപ്പോ ആദിയെ വിട്ട് പോകുന്നതാ സങ്കടം .. എന്നെ വിട്ടിട്ട് പോകുന്നതിന് കുഴപ്പമില്ല …. ” അവൻ പരിഭവം നടിച്ചു ..

” ഒന്ന് പോ വിനയേട്ടാ .. അവൻ കുഞ്ഞല്ലേ … ”

അവൻ എഴുന്നേറ്റു വന്നു അവളുടെ വയറിലൂടെ ചുറ്റിപ്പിടിച്ചു ..

” എന്നാ വാ … ” അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു ..

അവളിൽ നിന്ന് പ്രവഹിച്ച സുഗന്ധം അവനിൽ ഉന്മാദം നിറച്ചു ..

” എന്തൊരു മണമാടോ തനിക്ക് ….” അവളുടെ മേനിയുടെ ഗന്ധം നുകർന്നു കൊണ്ട് അവൻ ചോദിച്ചു ..

അവൻ അവളുടെ വിരലിൽ വിരൽ കോർത്തു ..

അവന്റെ പരിലാളനങ്ങളേറ്റു വാങ്ങാൻ കൊതിയോടെ അവളും അവനെ പുണർന്നു ..

* * * * * * * * * * * * * * * * * * *

അതേ സമയം ശബരി ചാല കമ്പോളത്തിലെ ഒരു ആലക്ക് സമീപമായിരുന്നു ..

ചുടു തീയിൽ ഒരു പുതിയ താക്കോൽ ചുട്ടുപഴുത്തു കൊണ്ടിരുന്നു ….

(തുടരും )

അമൃത അജയൻ
അമ്മൂട്ടി

NB : ശബരിക്ക് പണി കൊടുക്കൂ എന്ന് എല്ലാവരും പറയുന്നുണ്ട് .. പക്ഷെ കഥ തുടങ്ങുന്നേയുള്ളു .. ശബരിയുടെ കളികൾ ഇനിയും കമ്പനി കാണാൻ കിടക്കുന്നതേയുള്ളു എന്ന് നിങ്ങളോട് പറയാൻ ശബരി പറഞ്ഞു … സാരോല്ലാ …. അവൻ കളിക്കട്ടെ … നമുക്ക് നോക്കാം ഏതു വരെ പോകുമെന്ന് …

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നന്ദ്യാർവട്ടം: ഭാഗം 1 
നന്ദ്യാർവട്ടം: ഭാഗം 2
നന്ദ്യാർവട്ടം: ഭാഗം 3
നന്ദ്യാർവട്ടം: ഭാഗം 4
നന്ദ്യാർവട്ടം: ഭാഗം 5
നന്ദ്യാർവട്ടം: ഭാഗം 6
നന്ദ്യാർവട്ടം: ഭാഗം 7
നന്ദ്യാർവട്ടം: ഭാഗം 8
നന്ദ്യാർവട്ടം: ഭാഗം 9
നന്ദ്യാർവട്ടം: ഭാഗം 10
നന്ദ്യാർവട്ടം: ഭാഗം 11
നന്ദ്യാർവട്ടം: ഭാഗം 12
നന്ദ്യാർവട്ടം: ഭാഗം 13
നന്ദ്യാർവട്ടം: ഭാഗം 14
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story