ചൊവ്വാദോഷം : PART 5

ചൊവ്വാദോഷം : PART 5

നോവൽ
എഴുത്തുകാരി: ശ്രീക്കുട്ടി

” എന്താടോ വല്ല ദുസ്വപ്നവും കണ്ടോ ? ”

തന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരയുന്ന മാനസയെ ചേർത്തുപിടിച്ചുകൊണ്ട് മഹി ചോദിച്ചു. ഒന്ന് മൂളുക മാത്രം ചെയ്ത് അവൾ വീണ്ടും തേങ്ങിക്കരഞ്ഞു.

” എന്നെ ഒറ്റക്കാക്കി പോകല്ലേ മഹിയേട്ടാ………. ”

അവളുടെ ചുണ്ടുകൾ വിതുമ്പി. ആ കണ്ണുനീർ മഹിയുടെ നഗ്നമായ നെഞ്ചിനെ നനച്ചുകൊണ്ടിരുന്നു.

” എന്താടോ ഇത്രക്കും വിഷമിക്കാൻ ഞാൻ തട്ടിപ്പോയെന്നെങ്ങാനും ആണോ താൻ സ്വപ്നം കണ്ടത് ?? ”

അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാനായി ഒരു ചിരിയോടെ മഹി ചോദിച്ചു. പെട്ടന്ന് അവളിലെ തേങ്ങലിന്റെ ഒച്ച ഉയർന്നു. അവനെ പിന്നോട്ട് തള്ളിമാറ്റി അവൾ എണീറ്റ് ജനലിനരികിൽ പോയി പുറത്തേക്ക് നോക്കി നിന്നു. ആ വാക്കുകൾ അവളെ അത്രയ്ക്കും വേദനിപ്പിച്ചു എന്ന തിരിച്ചറിവിൽ മഹിയുടെ ഉള്ളൊന്നുലഞ്ഞു.

” പോട്ടെടാ ഞാൻ നിന്നെ വിട്ട് എങ്ങോട്ട് പോകാനാ ഞാൻ എപ്പോഴും നിന്റെ കൂടെ ഇല്ലേ? ”

പിന്നിലൂടെ ചെന്ന് അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് തന്നോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു. അവൾ വീണ്ടും അവനോട് ചേർന്നുനിന്നു.

” മഹിയേട്ടന് തമാശ ഞാനെത്ര പേടിച്ചു എന്നറിയുമോ ? ” മാനസ.

” മതി മതി വെറുതെ ഓരോ വട്ട് സ്വപ്നങ്ങളും കണ്ടിട്ട് പാതിരാത്രി എണീറ്റിരുന്ന് കരഞ്ഞ് എന്റെ മോളേ ശല്യം ചെയ്യാതെ വന്ന് കിടന്നേ പെണ്ണേ നീ ”

അവളുടെ തോളിൽ പിടിച്ച് ബെഡിനരികിലേക്ക് നടത്തിക്കൊണ്ട് മഹി പറഞ്ഞു. അവന്റെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോഴും മാനസയുടെ ഉള്ളു പിടഞ്ഞുകൊണ്ടിരുന്നു. മൃത്യുഞ്ചയമന്ത്രം ഉരുവിട്ടുകൊണ്ട് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.

മാനസ ഉണരുമ്പോൾ മഹി റൂമിൽ ഉണ്ടായിരുന്നില്ല. ചുവരിൽ തൂക്കിയിരുന്ന ക്ലോക്കിൽ സമയം എട്ട് കഴിഞ്ഞത് കണ്ട് അവൾ വേഗം എണീറ്റ് കുളിമുറിയിലേക്ക് പോയി. ധൃതിയിൽ കുളിച്ച് നെറുകയിൽ അൽപ്പം സിന്ദൂരവും തൊട്ട് അവൾ താഴേക്ക് നടന്നു. സ്റ്റെയർകേസിന് മുകളിൽ എത്തിയപ്പോഴേ കേട്ടു താഴെ പരിചയം ഇല്ലാത്ത ആരുടെയോ സംസാരം.

ഹാളിൽ ഊർമ്മിള ആരോടോ സംസാരിച്ചിരുന്നിരുന്നു. പഞ്ഞിപോലെ നരച്ച താടിയും മുടിയും കഴുത്തിൽ രുദ്രാക്ഷമാലയും കയ്യിൽ നിറയെ ചരടുകളും നെറ്റിയിൽ ഭസ്മക്കുറിയും ഇട്ട പ്രായമായതെങ്കിലും ധൃഡമായ ശരീരപ്രകൃതവുമുള്ള ആളെ അവൾ കൗതുകത്തോടെ നോക്കി.

” ആഹാ മോളെണീറ്റോ ? ” ഊർമ്മിള.

” ഏട്ടാ ഇത് മാനസ ഏട്ടൻ കണ്ടിട്ടില്ലല്ലോ മഹിടെ ഭാര്യയാണ് “.

നിറപുഞ്ചിരിയോടെ മാനസയെ ചേർത്തുപിടിച്ചുകൊണ്ട് ഊർമ്മിള അയാളോടായി പറഞ്ഞു. അവൾ അയാളെ നോക്കി പതിയെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അയാളിൽ പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും തന്നെയുണ്ടായില്ല.

” മോളേ മോൾക്കറിയില്ലല്ലോ ദേവേട്ടനെ എന്റെ ഏട്ടനാണ്. വിവാഹമൊന്നും കഴിച്ചിട്ടില്ല അൽപ്പം മന്ത്രവും തന്ത്രവും ഒക്കെയുണ്ട്. പിന്നെ കുറേയേറെ അന്ധവിശ്വാസങ്ങളും. വല്ലപ്പോഴും ഇങ്ങനെ ഒന്ന് വന്നുപോകും. ഇനി കുറച്ചുദിവസം ഇവിടെ ഉണ്ടാവും. എന്തുകാര്യത്തിനും എന്തെങ്കിലും ഒരനർദ്ധം കണ്ടുപിടിക്കും അതുകൊണ്ട് മഹിക്ക് അത്ര പിടുത്തമല്ല. ”

അടുക്കളയിലേക്ക് വന്നുകൊണ്ട് പച്ചക്കറി നുറുക്കിക്കൊണ്ടിരുന്ന മാനസയോടായി ഊർമ്മിള പറഞ്ഞു. അവൾ എല്ലാം മൂളികേൾക്കുക മാത്രം ചെയ്തു.

***************************************

പ്രാതൽ സമയത്ത് ആരോടും ഒന്നും സംസാരിക്കാതെ ആഹാരം കഴിക്കുന്ന ദേവനിൽ ആയിരുന്നു മാനസയുടെ കണ്ണുകൾ.

” ഇരുന്ന് വായിനോക്കാതെ കഴിക്കെഡീ ഉണ്ടക്കണ്ണീ… ”

ദേവനെത്തന്നെ നോക്കിയിരുന്ന മാനസയുടെ കാലിൽ കാലുകൊണ്ട് തോണ്ടി വിളിച്ച് മഹി പതിയെ പറഞ്ഞു. അവനെ നോക്കി ഒന്ന് ചിരിച്ച് അവൾ പ്ലേറ്റിലേക്ക് നോക്കി കഴിക്കാൻ തുടങ്ങി.

” എന്താ കുട്ടിയുടെ നക്ഷത്രം ?? ”

പെട്ടന്നായിരുന്നു ദേവന്റെ ചോദ്യം. എല്ലാവരുടെ കണ്ണുകളും അപ്പോൾ അയാളിൽ ആയിരുന്നു. കയ്യിൽ വാരിയ ആഹാരം കയ്യിൽത്തന്നെ വച്ചുകൊണ്ട് മാനസ പകച്ച് മഹിയെ നോക്കി. അവൻ ഒന്നുമില്ലെന്ന അർഥത്തിൽ അവളെ നോക്കി കണ്ണിറുക്കി കാട്ടി.

” അത്തം ”

പതർച്ചയോടെ അയാളെ നോക്കി മാനസ പറഞ്ഞു.

” ജാതകം നോക്കിയിട്ടില്ലേ ?? ”

ഉടൻ തന്നെ അയാളിൽ നിന്നും അടുത്ത ചോദ്യം വന്നു.

” ഇല്ല “. മാനസ.

” കുട്ടിക്ക് ചൊവ്വാദോഷം ഉള്ളതറിയില്ലേ ? ”

ദേവന്റെ ചോദ്യം മാനസയുടെ നെഞ്ചിൽ ഒരു വെള്ളിടിയായി വന്നു പതിച്ചു. അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി. തൊണ്ട വരണ്ടു. ജീവിതം അവസാനിക്കാൻ പോവുകയാണെന്ന തോന്നലിൽ അവളുടെ ശരീരം വിയർത്തൊഴുകി.

” അതുപിന്നെ….. ”
അവളുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.

” ഊർമ്മിളെ ഈ കുട്ടിക്ക് ചൊവ്വാദോഷം ഉണ്ട് ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാണോ നിന്റെ മോൻ ഇവളുടെ കഴുത്തിൽ താലികെട്ടിയത് ??

ഊർമ്മിളയോടായുള്ള ദേവന്റെ ചോദ്യം കേട്ട് അവർ എല്ലാവരെയും മാറിമാറി നോക്കി. മാനസ എല്ലാം തകർന്നവളെപ്പോലെ ഇരുന്നിരുന്നു. മഹിയുടെ മുഖത്ത് ഒരുതരം പുച്ഛം മാത്രമായിരുന്നു. അല്ലെങ്കിലും അവനൊരിക്കലും ഇതൊന്നും വിശ്വസിച്ചിരുന്നില്ലല്ലോ എന്നോർത്ത് ഊർമ്മിളയിൽ ഒരു ദീർഘ നിശ്വാസം ഉയർന്നു.

” അത് ഏട്ടാ ഈ വിവാഹം നടന്നത് ജാതകമൊന്നും നോക്കിയിട്ടല്ല. മഹിക്കും എനിക്കും മാനസ മോളേ ഇഷ്ടായി പിന്നെ ഒന്നും ആലോചിച്ചില്ല. കുടുംബത്തിൽ അടങ്ങിയൊതുങ്ങി നിൽക്കുന്ന സ്വഭാവഗുണമുള്ള ഒരു കുട്ടിയെ മാത്രമാണ് ഞങ്ങൾ നോക്കിയത്. മാനസയ്ക്ക് അത് വേണ്ടുവോളമുണ്ട്. പിന്നെ ഏട്ടനറിയാമല്ലോ ഞങ്ങൾക്ക് ഈ ജാതകത്തിലൊന്നും വിശ്വാസമില്ലെന്ന്. ”

ദേവന്റെ മുഖത്ത് നോക്കാതെ തന്നെ ഊർമ്മിള പറഞ്ഞു നിർത്തി. അപ്പോഴും കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഊർമ്മിളയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു മാനസ. കണ്ണുകൾ ഉയർത്തി അറിയാവുന്ന എല്ലാ ദൈവങ്ങൾക്കും നന്ദി പറയുമ്പോഴും അവളുടെ ഇടം കൈ കഴുത്തിലെ താലിമാലയിൽ അമർന്നിരുന്നു. അവളെ നോക്കി സാരമില്ലെന്ന അർഥത്തിൽ കണ്ണടച്ച് കാണിച്ച ഊർമ്മിളയെ അവൾ നന്ദിയോടെ നോക്കി.

****************************************

” ഇന്നെല്ലാം അവസാനിച്ചുവെന്ന് തന്നെ ഞാൻ ഉറപ്പിച്ചതാണ്. ദേവമ്മാമ എല്ലാം എല്ലാവരോടും വിളിച്ചു പറഞ്ഞപ്പോൾ ജീവിതം അവസാനിച്ചുവെന്ന് തന്നെ ഞാൻ ഉറപ്പിച്ചിരുന്നു.
പക്ഷേ അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു. എന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ ചൊവ്വാദോഷം അമ്മയുടെ വാക്കുകൾക്ക് മുന്നിൽ ഒന്നുമല്ലാതെയാവുന്നത് അമ്പരപ്പോടെയാണ് ഞാൻ കണ്ടിരുന്നത്. ”

” ഡീ ഉണ്ടക്കണ്ണീ……. ”

മഹിയുടെ വിളികേട്ട് ഡയറി അടച്ചുവച്ച് നിറഞ്ഞ മിഴികൾ തുടച്ച് അവൾ ധൃതിയിൽ എണീറ്റു.
വാതിൽക്കൽ ചിരിയോടെ അവൻ നിന്നിരുന്നു.

” എന്താടി ഉണ്ടക്കണ്ണീ അങ്ങേര് പറഞ്ഞത് കേട്ട് നീയിവിടെ വന്നിരുന്ന് മോങ്ങുവാരുന്നോ ?? ”

ചിരിയോടെ നിന്ന മഹിയെ അവൾ ആദ്യം കാണുന്നത് പോലെ നോക്കി നിന്നു.

” ഇങ്ങനെ നോക്കി എന്റെ കൺട്രോളും കൂടി കളയൂമല്ലോ ഈ ഉണ്ടക്കണ്ണി ”

മീശ പിരിച്ച് ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് അടുത്തുകൊണ്ട് അവൻ പറഞ്ഞു.

” ഒന്ന് പോയേ മഹിയേട്ടാ ”

അവനെ തള്ളിമാറ്റി പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ താഴേക്കോടി. മാനസ താഴെയെത്തുമ്പോൾ ദേവൻ ഹാളിൽ ഉണ്ടായിരുന്നു. അപ്പോഴത്തെ അയാളുടെ കണ്ണുകളിലെ ഭാവം അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവൾ പതിയെ ഊർമ്മിളയ്ക്ക് അരികിലേക്ക് നടന്നു.

” ഊർമ്മിളെ….. ”

ഇടിമുഴക്കം പോലെയുള്ള ദേവന്റെ വിളികേട്ട് തുളസിത്തറയിൽ വിളക്ക് വച്ച് തിരിഞ്ഞ മാനസ ഒന്ന് കിടുങ്ങിപ്പോയി.

” എന്താ ഏട്ടാ…… ”

അടുക്കളയിൽ നിന്നും പൂമുഖത്തേക്ക് വന്നുകൊണ്ട് ഊർമ്മിള ചോദിച്ചു.

” തുളസിത്തറയിൽ കരിന്തിരി കത്തുന്നത് നീ കണ്ടില്ലേ അനർത്ഥങ്ങളുടെ തുടക്കമാണ് ”

തുളസിത്തറയിലേക്ക് വിരൽ ചൂണ്ടി അയാൾ പറയുമ്പോൾ മച്ചിലെവിടെ നിന്നോ ഒരു ഗൗളിയുടെ ചിലപ്പ് ഉയർന്നു കേട്ടു. അതുകൂടി കേട്ടപ്പോൾ ഒരു വിജയിയുടെ ചിരി അയാളുടെ ചുണ്ടിൽ വിരിഞ്ഞു. കത്തിച്ച തിരി കാറ്റിൽ അണഞ്ഞു അതിൽ നിന്നും പുക ഉയരുന്നത് കണ്ട് എന്തുചെയ്യണം എന്നറിയാതെ മാനസ തളർന്നു നിന്നു.

” ചൊവ്വാദോഷക്കാരി കൊളുത്തുന്ന സന്ധ്യാദീപം പോലും ജ്വലിച്ചു കത്തില്ല. ”

പറഞ്ഞുകൊണ്ട് തിരിഞ്ഞ ദേവന്റെ മുഖം സ്റ്റെയർകേസിൽ നിൽക്കുന്ന മഹിയെക്കണ്ട് വല്ലാതെയായി. അവന്റെ മുഖം ചുവന്നുതുടുത്തിരുന്നു. മാനസയുടെ നിറഞ്ഞ മിഴികളും കൂടി കണ്ടപ്പോൾ അവന് സ്വയം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

” നിനക്കൊന്നും വിശ്വാസം ഇല്ലെന്നറിയാം പക്ഷേ…. ”

മഹിക്കു നേരെ തിരിഞ്ഞ് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ ദേവൻ നിന്നു.

” എനിക്ക് വിശ്വാസം ഇല്ല അന്നും ഇന്നും എന്നും. തുളസിത്തറയിലെ തിരി കാറ്റടിച്ചണഞ്ഞതിന് ചൊവ്വാദോഷം എന്ത് പിഴച്ചു??

പിന്നെ ഇവളുടെ കഴുത്തിൽ ഞാൻ താലി കെട്ടിയത് ദേവമ്മാമയുടെ ജ്യോതിഷവും ജാതകവും നോക്കിയല്ല. എന്റമ്മയുടെ സമ്മതം മാത്രം വാങ്ങിയാണ് ഞാൻ അവളെ സ്വന്തമാക്കിയത്.

ഇപ്പൊ ഇവളുടെ വയറ്റിൽ എന്റെ കുഞ്ഞ് വളരുന്നുണ്ട്. ഈ സമയത്ത് ജാതകവും ദോഷവും ഒക്കെ പറഞ്ഞ് അവള്ടെ കണ്ണുനിറക്കുന്നത് അമ്മാമയല്ല ആരായാലും അത് ഞാൻ സമ്മതിച്ചു തരില്ല. അവൾക്ക് എന്ത് ദോഷമുണ്ടെങ്കിലും ഞാൻ സഹിച്ചോളാം . അല്ലാതെ താലി കെട്ടിയവളെ ഓരോ ഭ്രാന്തിന്റെ പേരിൽ തള്ളിക്കളയുന്നവനല്ല ഈ മഹി. ”

ദേവനുനേരെ വിരൽ ചൂണ്ടി പറഞ്ഞുകൊണ്ട് മാനസയുടെ കയ്യിൽ പിടിച്ച് അവൻ മുകളിലേക്ക് നടന്നു. അപ്പോഴും നിറകണ്ണുകളോടെ മഹിയെത്തന്നെ നോക്കി നിന്നിരുന്ന മാനസ ഒരു ശില പോലെ അവനോടൊപ്പം നടന്നു .

” ഊർമ്മിളേ……. നാശത്തിലേക്കാ നിന്റെ മോന്റെ പോക്ക്. ഇവിടെ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് അനർത്ഥങ്ങൾ. ഇടതടവില്ലാതെയുള്ള ഗൗളിയുടെ ചിലപ്പ് ദുസൂചനയാണ്.
അഷ്‌ടമത്തിലാണ് ചൊവ്വ. ഭർതൃനാശമോ സ്വനാശമോ ആണ് ഫലം ”

ദേവന്റെ വാക്കുകൾ കേട്ട് ഒരു ഞെട്ടലോടെ അയാളെത്തന്നെ നോക്കി നിന്നിരുന്ന ഊർമ്മിള ഒരു തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ചൊവ്വാദോഷം : ഭാഗം 1

ചൊവ്വാദോഷം : ഭാഗം 2

ചൊവ്വാദോഷം : ഭാഗം 3

ചൊവ്വാദോഷം : ഭാഗം 4

Share this story