ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10

എഴുത്തുകാരി: അമൃത അജയൻ


‘ ഭാവി വരനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണ് ഈ വിവാഹമെങ്കിൽ ഇനിയൊന്നും പറയാനില്ല … അതല്ല ഒന്നുമറിയാതെയാണെങ്കിൽ ഈ വിവാഹത്തിൽ നിന്ന് പിന്മാറുന്നതാണ് താങ്കൾക്ക് നല്ലത് … വീണ്ടും ഞാൻ വരും .. ഇവിടെ … ‘

ഇത്രയുമാണ് ആ സന്ദേശത്തിൽ ഉണ്ടായിരുന്നത് ..

ആരെന്നോ എവിടെ നിന്നെന്നോ പറയാതെ ഒരു മെസേജ് ….!

ഹു ആർ യു ?

അവളങ്ങോട്ട് സന്ദേശം അയച്ചു . ആ സന്ദേശം അയച്ച വ്യക്തി ഓൺലൈനിൽ ഇല്ല എന്ന് മെസേജിന് ഒരു ടിക് വീണപ്പോൾ മനസിലായി …

ആ നമ്പറിലേക്ക് കാൾ ചെയ്തെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടി കിട്ടി .. ട്രൂ കോളറിൽ ആശിഷ് മേത്ത എന്നാണ് കാണിച്ചത് …

എന്തോ അത് കണ്ടപ്പോൾ , ആ മെസേജിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് അവൾക്ക് തോന്നി .. എന്തെങ്കിലും ഉണ്ടെങ്കിൽ നേരിട്ട് പറയണം .. ഒളിയമ്പെറിയുന്നവരെ മുഖവിലയ്ക്കെടുക്കേണ്ടതില്ല …

അങ്ങനെ ചിന്തിച്ചെങ്കിലും , ഒരു കരട് അവളുടെ മനസിലിടാൻ ആ മെസേജിന് സാധിച്ചു ….

അവൾ ബെഡിൽ ചാരിയിരുന്ന് മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കി …

എങ്ങോട്ടാണ് തന്റെ ജീവിതം ..?

ഇന്നോളം സ്വന്തം ഇഷ്ടപ്രകാരം എല്ലാം ചെയ്തിട്ടും , ഏറ്റവും പ്രധാനപ്പെട്ട വിവാഹ കാര്യത്തിൽ മാത്രം മറ്റുള്ളവരെ അനുസരിക്കേണ്ടി വന്നു ..

അതും മാനസികമായി തനിക്ക് അംഗീകരിക്കാനാകാത്ത ഒരാളെ …

അയാളൊരു ശരിയോ തെറ്റോ എന്നറിയില്ല .. തെറ്റാണെന്ന് മനസ് പറയുന്നു …

അവൾ പ്രദീപിനെ കുറിച്ചോർത്തു …

അവനറിഞ്ഞിട്ടുണ്ടാകുമോ തന്റെ വിവാഹം…. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലെങ്കിലും വിളിക്കുമായിരുന്നില്ലേ .. അതോ തന്നെ പോലെ , അതെക്കുറിച്ച് സംസാരിക്കാൻ ആത്മവിശ്വാസം പോരാഞ്ഞിട്ടോ …

ഓരോന്നോർത്ത് കിടന്ന് അറിയാതെ അവളൊന്ന് മയങ്ങി …

അപ്പോഴേക്കും ഫോൺ റിങ് ചെയ്യാൻ തുടങ്ങി … അവൾ കണ്ണുകൾ വലിച്ചു തുറന്നു ….

ആയാസപ്പെട്ട് ഇടം കൈ കൊണ്ട് ഫോണെടുത്ത് നോക്കി …

പ്രദീപ് കോളിംഗ് ……..!

അവളുടെ ശ്വാസം വിലങ്ങി …. ശരീരവും മനസും വല്ലാതെ വിറകൊണ്ടു ..

മുഖം അമർത്തി തുടച്ചു കൊണ്ട് അവൾ കോളെടുത്തു …

” പ്രദീപ് ……..” അവൾ മെല്ലെ വിളിച്ചു ..

” എന്തോ ….”

ആ വിളി കേൾക്കൽ , അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് പതിഞ്ഞത് …

അവൾ നിശബ്ദയായി പോയി …

” നിനക്ക് ആക്സിഡൻറ് പറ്റിയ വിവരം ഞാനിന്ന് ഉച്ചക്കാ അറിഞ്ഞത് … ഇപ്പോൾ മാത്രമാണ് ഒന്ന് വിളിക്കാൻ സാധിച്ചത് …..” അവന്റെ വാക്കുകളിൽ എന്തോ ഒരു നൊമ്പരം സ്ഫുരിച്ചിരുന്നു …

” ങും …..” അവൾ മൂളി കേട്ടു …

” ഇപ്പോ എങ്ങനെയുണ്ട് ..? ”

” കൈക്കും കാലിനും പൊട്ടലുണ്ട് … വേദനയാ … ഉറങ്ങാൻ പറ്റുന്നില്ല …..”

മറ്റാര് ചോദിച്ചാലും കുഴപ്പമില്ല എന്ന് മാത്രമാണ് അവൾ പറയാറ് … .പക്ഷെ അവനോട് മാത്രം മറച്ചു വയ്ക്കില്ല .. പണ്ട് അങ്ങനെയായിരുന്നു … ഇന്നും ആ പതിവ് അവൾ തെറ്റിച്ചില്ല …

” സാരമില്ലെടാ .. എല്ലാം വേഗം ശരിയാകും … … നീ നന്നായി റസ്റ്റ് എടുക്ക് ….” അവൻ ഉപദേശിച്ചു ….

” ങും …..”

” നിനക്ക് എന്തെങ്കിലും സംശയമുണ്ടോ ..? ” അവൻ പെട്ടന്ന് ചോദിച്ചു …

” എനിക്കറിയില്ല പ്രദീപ് … ”

വിവാഹക്കാര്യത്തെ കുറിച്ച് അവനൊന്നും ചോദിക്കാത്തത് അവൾ ശ്രദ്ധിച്ചു …

അറിയാഞ്ഞിട്ടോ … വേണ്ട എന്ന് വച്ചിട്ടോ ….

അങ്ങോട്ട് പറയണോ വേണ്ടയോ എന്ന് മനസിൽ വടം വലി നടന്നു ..

ഒടുവിൽ അവൾ പറഞ്ഞു…

” പ്രദീപ് … എന്റെ വിവാഹം ഉറപ്പിച്ചു ….”

” അറിഞ്ഞു …….. ” അവൻ പറഞ്ഞു ..

” ഞാൻ പറയാതിരുന്നത് ….” അവൾ ഒന്ന് നിർത്തി ..

” അതുമറിയാം .. അതേ കാരണം കൊണ്ട് തന്നെയാണ് മയി , ഞാൻ വിളിച്ച് ചോദിക്കാതിരുന്നതും … ”

അവർക്കിടയിൽ മൗനം കടന്നു വന്നു …

” പ്രദീപ് …. വിവാഹത്തിന് ഞാൻ ക്ഷണിക്കില്ല … എനിക്ക് വയ്യ നിന്നെ അവിടെ കാണാൻ … ”

” വിളിച്ചാലും ഞാൻ വരില്ല മയി … നീ മറ്റൊരാളുടേതാകുന്നത് കണ്ട് നിൽക്കാൻ എനിക്കാവില്ല …. ” അവന്റെ ശബ്ദം ചെറുതായി ഇടറി ..

അവളുടെ ഹൃദയം വിണ്ടുകീറി ….

ഏതോ മരുഭൂമിയിൽക്കൂടി ആരെയോ തേടിയലഞ്ഞ് തളർന്നു വീഴുന്ന താൻ … അങ്ങനെയൊരു സ്വപ്നം ഇപ്പോൾ ഇടക്കിടക്ക് ഉറക്കത്തിൽ കടന്ന് വരാറുണ്ട് …

ആ സ്വപ്നമാണ് ആ നിമിഷം അവളോർത്തത് …

” ഞാൻ വയ്ക്കട്ടെ പ്രദീപ് …..”

അവന്റെയനുവാദത്തിന് കാക്കാതെ അവൾ ഫോൺ ബെഡിലേക്കിട്ടു പൊട്ടിക്കരഞ്ഞു ….

പ്രദീപിനെയും കൂട്ടി , ഈ രാജ്യം തന്നെ വിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് പോലും അവളോർത്തു പോയി ..

* * * * * * * * * * * * * * *

പിറ്റേന്ന് , തിരുവനന്തപുരത്തു നിന്ന് ആലപ്പുഴക്ക് മടങ്ങവേ , നിഷിൻ ചെങ്ങന്നൂര് വന്ന് മയിയെ കണ്ടിട്ടാണ് പോയത് …

തലേദിവസം കിട്ടിയ അജ്ഞാത സന്ദേശത്തെ കുറിച്ച് അവനോട് ചോദിക്കാമെന്ന് കരുതിയെങ്കിലും അവളത് ഉപേക്ഷിച്ചു ….

തത്ക്കാലം അത് രഹസ്യമായി ഇരിക്കട്ടെ …

* * * * * * * *

ദിവസങ്ങൾ കടന്നു പോയി …

വിവാഹത്തിന് ഒരാഴ്ച ബാക്കിയുള്ളപ്പോഴേക്കും , അവളുടെ കൈയിലേയും കാലിലേയും പ്ലാസ്ടർ എടുത്തിരുന്നു …

അരുൺ കുറേശ്ശെ റിക്കവർ ആയി വരുന്നുണ്ടായിരുന്നു .. എങ്കിലും അവന് സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു ..

മയിയുടെ വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി .. ആഭരണങ്ങളെടുക്കാനും , വിവാഹ വസ്ത്രങ്ങളെടുക്കാനും എല്ലാം ആ ഒരാഴ്ചയെ ബാക്കിയുണ്ടായിരുന്നുള്ളു …

അതിനിടയിൽ കൂടി , അവൾ തിരുവനന്തപുരത്തെത്തി ഹോസ്റ്റൽ വെക്കേറ്റ് ചെയ്തു … നിഷിന്റെ വീട് അവിടെയായത് കൊണ്ട് അവൾക്കിനി ഹോസ്റ്റലിൽ നിൽക്കണ്ട ..

* * * * * * * * * * * *

നിഷിന്റെ വീട്ടിലും ഒരുക്കങ്ങൾ തുടങ്ങിയിരുന്നു …

നാല് ദിവസം മുന്നേ നിവ നാട്ടിലെത്തി ..

അവൾക്ക് മറ്റ് വഴികളില്ലായിരുന്നു … അകാരണമായൊരു ഭയം നിവയിൽ ഉടലെടുത്തു …

മയി എന്തെങ്കിലും വീട്ടിലറിയിച്ചാൽ ….. അവൾക്കത് ഓർക്കാൻ കൂടി കഴിയില്ലായ്രുന്നു .. ഒരേയൊരു കച്ചിത്തുരുമ്പ് അവൾ കണ്ടത് , മയിയും അന്നാ ഹോട്ടലിൽ ആർക്കൊപ്പമോ വന്നു എന്നതാണ് … തന്നെ ഒറ്റിയാൽ അവൾക്ക് നഷ്ടപ്പെടുന്നത് ജീവിതമായിരിക്കും ….

നിവ ആലോചനയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു ….

* * * * * * * * * *

മേടം 12

അന്ന് സബ്കളക്ടർ നിഷിൻ രാജശേഖർ IAS ന്റെയും ദയാമയിയുടെയും വിവാഹ ദിനമായിരുന്നു …

ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം …

വീട്ടിൽ നിന്ന് തന്നെ , മയിയെ ബ്യൂട്ടീഷൻസ് അണിയിച്ചൊരുക്കി …

റോയൽ ബ്ലൂ സാരിയായിരുന്നു അവളുടെ വസ്ത്രം ….

ഒരുങ്ങിക്കഴിഞ്ഞ് റൂമിൽ കസിൻഡിനൊപ്പം ഫോട്ടോ എടുത്ത് നിൽക്കുമ്പോഴാണ് ടേബിളിലിരുന്ന ഒരു പോസ്റ്റ് കവർ അവൾ കണ്ടത് …

അവളത് കൈയിലെടുത്തു നോക്കി …

” അയ്യോ അതിന്നലെ ചേച്ചിക്ക് വന്നതായിരുന്നു .. . അമ്മായിയാ എന്റെ കൈയിൽ തന്നത് … ബ്യൂട്ടി പാർലറിൽ നിന്ന് വരുമ്പോൾ തരാൻ പറഞ്ഞതാ .. ഞാൻ മറന്നു പോയി ….” സ്വാതി പറഞ്ഞു

അവളത് തിരിച്ചും മറിച്ചും നോക്കി .. ഫ്രം അഡ്രസില്ലായിരുന്നു …

” ചേച്ചി അതവിടെ വയ്ക്ക് …. താഴേക്ക് വിളിക്കുന്നുണ്ട് ….”

പക്ഷെ അവളത് കെയിൽ തന്നെ വച്ചു …

താഴെ എത്തിയപ്പോൾ അവളാ കത്ത് സ്വാതിയെ ഏൽപ്പിച്ചു …

” ഇത് വച്ചേക്ക് .. ഞാൻ ചോദിക്കുമ്പോ തരണം…… ”

” ഈ ചേച്ചീടെ കാര്യം .. ” അവൾ പിറുപിറുത്തു കൊണ്ട് അത് വാങ്ങി കൈയിൽ വച്ചു ….

വിവാഹ വേഷത്തിൽ മയി അതിസുന്ദരിയായി തിളങ്ങി …

യമുന മകളെ മനം കുളിർക്കെ കണ്ടു …

മയി അച്ഛന്റെ ഫോട്ടോക്കു മുന്നിൽ ചെന്ന് പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങി .. പിന്നെ അമ്മയുടേയും അമ്മാവന്റെയും ചെറ്യച്ഛന്റെയും …

പിന്നീട് എല്ലാവരും ഒന്നിച്ച് , ക്ഷേത്രത്തിലേക്ക് പോകാനിറങ്ങി …

ക്ഷേത്രത്തിൽ എത്തിയ ശേഷം , മയക്ക് മുഹൂർത്തം വരെ റെസ്റ്റ് എടുക്കാൻ ഒരു റൂം ലഭിച്ചു .. ബ്യൂട്ടീഷൻസ് അവസാന വട്ട ടച്ചപ്പും നടത്തി … അവർ പുറത്തേക്ക് പോയി കഴിഞ്ഞപ്പോൾ മയി സ്വാതിയുടെ കൈയിൽ നിന്ന് ലെറ്റർ വാങ്ങി പൊട്ടിച്ചു ..

‘ പ്രിയപ്പെട്ട അനുജത്തി ,

അങ്ങനെ വിളിക്കാമോ എന്നറിയില്ല്യ.. എങ്കിലും വിളിക്കുകയാണ് .. എന്റെ പേര് തത്ക്കാലം ഞാൻ വെളിപ്പെടുത്തണില്ല്യ .. ഒന്ന് പറയാം .. ഞാനും കുട്ടിയെപ്പോലെ ഒരു സ്ത്രീയാണ് … ചില വ്യത്യാസങ്ങളുണ്ട് . എനിക്ക് കുട്ടിയുടെ അത്ര പഠിപ്പില്ല .. അതുപോലൊരു ജോലിയില്ല .. അത്രയും ധൈര്യമില്ല … സാമ്പത്തികമില്ല… കുട്ടിക്ക് ഇപ്പോൾ ഉറപ്പിച്ചിരിക്കുന്ന വിവാഹം നടന്നാൽ നമ്മൾ തമ്മിൽ മറ്റൊരു സാദൃശ്യം കൂടീണ്ടാകും … എന്താണെന്നല്ലേ .. നമ്മുടെ രണ്ടാളുടേയും ഭർത്താവ് ഒരാളായിരിക്കും .. ഞാൻ പറയുന്നത് കുട്ടിക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്നറിയില്ല … കുട്ടി വിവാഹം ചെയ്യാൻ പോകുന്ന വ്യക്തി എന്റെ ഭർത്താവാണ് .. എന്റെ കുഞ്ഞിന്റെ അച്ഛനാണ് .. എല്ലാം അറിഞ്ഞു കൊണ്ടാണ് കുട്ടി ഇതിന് തയ്യാറായതെങ്കിൽ നിസഹായയായി നോക്കി നിൽക്കാനേ എനിക്ക് കഴിയൂ … നിങ്ങളെ പോലെ വലിയ ആൾക്കാർക്ക് ചിലപ്പോൾ ഇതൊന്നും പ്രശ്നമായിരിക്കില്ലല്ലോ .. അറിയാതെയാണെങ്കിൽ , ഈ വിവാഹത്തിൽ നിന്ന് പിന്മാറണം .. മുൻപ് എന്റെയൊരു പരിചയക്കാരി വഴി , ഫോണിലൂടെ ഞാൻ മുന്നറിയിപ്പ് തന്നിരുന്നു .. പക്ഷെ കുട്ടിയത് മുഖവിലയ്ക്ക് എടുത്തില്ല്യാന്ന് തോന്നി .. അത് കൊണ്ടാ ന്റെ സ്വന്തം കൈപ്പടയിൽ ഞാനിത് എഴുതിയത് ..

എന്റെ പേര് വെളിപ്പെടുത്താത്തത് എന്താച്ചാൽ , എല്ലാം കുട്ടി അറിഞ്ഞു കൊണ്ടാണെങ്കിൽ , കുട്ടിക്കിതൊന്നും പ്രശ്നമല്ലെങ്കിൽ ഞാനെന്നെ തന്നെ പരിഹാസവസ്തു ആക്കേണ്ടല്ലോ …

കുട്ടിയിപ്പോൾ ചിന്തിക്കുന്നത് എന്ത് കൊണ്ടാണ് ഞാൻ നിയമപരമായി മുന്നോട്ട് പോകാത്തത് എന്നാണെങ്കിൽ , ഞങ്ങൾ തമ്മിൽ നിയമപരമായി വിവാഹം ചെയ്തിട്ടില്ല … ഒരു ചതിയുടെ ബാക്കി പത്രമാണ് ഞാൻ …

മനസാക്ഷിയുണ്ടെങ്കിൽ , ഒരു പെണ്ണിന്റെയും പിഞ്ചു കുഞ്ഞിന്റെയും, ക്ഷയിച്ചു പോയ ഒരു ബ്രാഹ്മണ കുടുംബത്തിന്റേയും നിസഹായവസ്ത മനസിലാകുമെങ്കിൽ , ആകുമെങ്കിൽ മാത്രം കുട്ടി ഈ വിവാഹത്തിൽ നിന്ന് പിന്മാറണം …

ഒരു പാട് ബുദ്ധിമുട്ടിയാണ് അഡ്രസ് കണ്ട് പിടിച്ചു എഴുതിയത് .. ഈ കത്ത് എപ്പോൾ കിട്ടും എന്നറിയില്ല … കിട്ടുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകുമോന്നു പോലും നിശ്ചയല്ല്യ …

ഈ വിവാഹം നടക്കാതിരുന്നാൽ മാത്രം ഞാൻ കുട്ടിയെ വന്ന് കാണും … നേരിൽ …

ഏടത്തി

ദയാമയിയുടെ ചുണ്ടിൽ വിയർപ്പു പൊടിഞ്ഞു …. ലോകം അവൾക്ക് ചുറ്റും നിന്ന് കറങ്ങി …. എങ്ങനെയോ അവൾ ടേബിളിനരികിൽ വന്ന് മിനറൽ വാട്ടറെടുത്ത് രണ്ട് കവിളിറക്കി …

പുറത്ത് വരനെ സ്വീകരിക്കുന്നതിന്റെ നാദസ്വരമേളം കേൾക്കാമായിരുന്നു ..

മയി തൊണ്ട വരണ്ടു നിന്നു .. വെറുമൊരു ഊമക്കത്ത് … പക്ഷെ അതിൽ ഒരു ജീവിതമുണ്ടെന്ന് അവളുടെ മനസ് പറഞ്ഞു ..

പെട്ടന്നാരോ വന്നു റൂം തുറന്നു .. സന്ധ്യ ചെറിയമ്മയും അമ്മായിയും ഒക്കെയാണ് …….

പുറത്ത് താലപ്പൊലിയേന്തി പെൺകുട്ടികൾ നിൽക്കുന്നു …

സന്ധ്യ അവളെ അവർക്കൊപ്പം പിടിച്ചു നിർത്തി …

” നടന്നോളു … ”

എന്ത് വേണമെന്നറിയാതെ അവൾ കൂടെച്ചെന്നു ……..

ക്ഷേത്രത്തിനുള്ളിൽ നിഷിനും ബന്ധുക്കളുമെല്ലാം എത്തിയിരിരുന്നു ..

അവൾ യമുനയെ നോക്കി …

സന്തോഷവതിയായി കൂപ്പ് കൈകളോടെ നിൽക്കുന്ന അമ്മ! ….

” അമ്മേ …… ” അവൾ വിളിച്ചപ്പോഴേക്കും എല്ലാവരും ചേർന്ന് അവളെയും നിഷിനെയും ശ്രീകോവിലിനു നേർക്ക് നിർത്തിക്കഴിഞ്ഞിരുന്നു …

പക്കമേളമുയർന്നു ….

ചടങ്ങുകൾ ആരംഭിച്ചു …

തിരുമേനി , തീർത്ഥം തളിച്ചു …

പിന്നെ പൂജിച്ച താലി നിഷിന്റെ കൈയിലേക്ക് കൊടുത്തു ….

അവനത് അവളുടെ നേർക്ക് നീട്ടിപ്പിടിച്ചു … (തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story