ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11

എഴുത്തുകാരി: അമൃത അജയൻ


തന്റെ മുന്നിൽ തൂങ്ങിയാടുന്ന താലി അവൾ കണ്ടു ….

ഒരു ഊമ കത്തിന്റെ പേരിൽ തട്ടി തെറിപ്പിച്ചാൽ …

യമുനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ നിസാഹയായി …

അല്ലെങ്കിലും താൻ അയാളെ വിശ്വസിച്ചിട്ടല്ലല്ലോ ഈ വിവാഹത്തിന് സമ്മതിച്ചത് …

ഇനിയെല്ലാം വരുന്നത് പോലെ വരട്ടെയെന്ന് വിചാരിച്ചു കൊണ്ട് അവൾ ആ താലിക്ക് തല കുനിച്ച് കൊടുത്തു .. ചടങ്ങുകളിലുടനീളം അവൾ നിർവികാരയായി നിന്നു …

രണ്ട് വിളക്കും കത്തിച്ച് , ജീവനില്ലാത്ത പ്രതിമയുടെ മുന്നിൽ വന്ന് നിന്ന് ഒരു മാല എന്റെ കഴുത്തിലിട്ടാൽ ദയാമയിയുടെ ജീവിതം നിഷിന് കാണിക്ക വച്ചു എന്ന് തോന്നുന്നുണ്ടെങ്കിൽ അത് വെറുതെയാണ് … ഇന്നലെ വരെ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇന്നും ഞാൻ …

ഇത്രയൊക്കെ കേട്ടിട്ടും ഞാൻ തന്റെ താലി ഏറ്റുവാങ്ങിയെങ്കിൽ , ഞാനത്രയും ധൈര്യമുള്ളവളാണെന്ന് മാത്രം നീ മനസിലാക്കിയാൽ മതി നിഷിൻ .. എനിക്ക് ചുറ്റും പ്രതീക്ഷയോടെ നിൽക്കുന്നവരെ കണ്ണീര് കുടിപ്പിക്കാൻ എനിക്ക് താത്പര്യമില്ല ..

താലികെട്ട് കഴിഞ്ഞ് ഇരുവരും ക്ഷേത്രത്രിനുള്ളിൽ പ്രാർത്ഥിക്കുവാനായി പോയി … കണ്ണടച്ച് ശ്രീകോവിലിൽ തൊഴുതു നിൽക്കുന്ന നിഷിനെ അവൾ ചൂഴ്ന്ന് നോക്കി … അവൾ വെറുതെ കൈകൂപ്പി വച്ചിരുന്നു .. ..

വിവാഹ സദ്യ അനാഥാലയത്തിൽ വച്ചായിരുന്നു … വരനും വധുവും ബന്ധു മിത്രാതികളും ചേർന്ന് അനാഥാലയത്തിലെത്തി … വിവാഹം പ്രമാണിച്ച് എല്ലാ കുട്ടികൾക്കും പുതു വസ്ത്രങ്ങൾ നൽകിയത് നിഷിന്റെ കുടുംബമാണ് … ആ കുട്ടികൾക്കൊപ്പമിരുന്ന് എല്ലാവരും സദ്യ കഴിച്ചു ..

മൂന്ന് കൂട്ടം പായസവും ചേർത്ത് വിപുലമായ സദ്യ തന്നെയായിരുന്നു ഒരുക്കിയത് ..

സദ്യ കഴിഞ്ഞ് , കുട്ടികളുടെ കലാപരിപാടികളും വധൂവരന്മാർക്കായി അവതരിപ്പിച്ചു .. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലൊക്കെ പങ്കെടുത്ത നിരവധി കുട്ടികൾ അവിടെയുണ്ടായിരുന്നു … അതി മനോഹരമായൊരു വയലിൻ പെർഫോമൻസ് , ഡാൻസ് ഒക്കെ അവർ അവതരിപ്പിച്ചു ..

ആഘോഷങ്ങൾ കഴിഞ്ഞ് മയിയെ നിഷിനൊപ്പം യാത്രയാക്കുന്ന മുഹൂർത്തമായി … യമുനക്ക്‌ മകളോട് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു … എല്ലാം ഒരു ചുംബനത്തിൽ അവർ ഒതുക്കി …

കിച്ച വന്ന് അവളെ കെട്ടിപ്പിടിച്ച് നിന്നു ..

അമ്മയോടും അനുജത്തിടും ബന്ധുക്കളോടുമെല്ലാം അവൾ യാത്ര ചോദിച്ചു ….

അവളെ കാറിൽ കയറ്റിയിരുത്തി യാത്രയാക്കുമ്പോൾ യമുനയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി …

* * * * * * * * * * *

മൂന്ന് മണിക്കൂർ യാത്രയുണ്ടായിരുന്നു തിരുവനന്തപുരത്ത് എത്താൻ … വധൂവരന്മാരെയും കൊണ്ട് കാർ , നീലാഞ്ജനം എന്ന സൗധത്തിന്റെ മുന്നിൽ വന്നു നിന്നു ….

നിവ മുന്നേയിറങ്ങി … പിന്നെ മയിക്ക് ഇറങ്ങുവാൻ ഡോർ തുറന്നു കൊടുത്തു …

വീണ നിലവിളക്കുമായി പടിക്കൽ ഉണ്ടായിരുന്നു … നിവയ്ക്കും നിഷിനും ഒപ്പം അവൾ നടന്നു വന്നു …

നിലവിളക്ക് വാങ്ങി , വലം കാൽ വച്ച് അവൾ നീലാഞ്ജനത്തിന്റെ പടി കയറി … വിളക്ക് പൂജാമുറിയിൽ വച്ച് പ്രാർത്ഥിച്ചു …

നിഷിന്റെ ബന്ധുക്കളെ വീണയും ഹരിതയും ചേർന്ന് അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു ….

ശേഷം , നിവയ്ക്കും ഹരിതയ്ക്കുമൊപ്പം അവളെ മുകളിലേക്ക് പറഞ്ഞു വിട്ടു …

മറ്റുള്ളവർക്ക് ഒന്നും തോന്നാതിരിക്കാൻ നിവ അവളോട് അനിഷ്ടമൊന്നും കാണിച്ചില്ല … എന്നാൽ അടുക്കാനും പോയില്ല ….

സാരിയും ആഭരണങ്ങളുമൊക്കെ അഴിച്ചു മാറ്റാൻ നിവയും ഹരിതയും കൂടിയാണ് സഹായിച്ചത് …

റിസപ്ഷന് വേണ്ടി അവർ മയിക്കായി സെലക്ട് ചെയ്തത് ട്രടീഷ്ണൽ ഗ്രീൻ കളർ നൈലോൺ മോണോ നെറ്റ് ഹെവി വർക്ക് പാർട്ടി വെയർ സാരിയാണ് …

മേക്കപ്പ് ചെയ്യുമ്പോൾ തന്നെ , താഴെ മയിയുടെ ബന്ധുക്കൾ എത്തിച്ചേർന്നു … ദൂരം ഉള്ളതിനാൽ , മയിക്കു പിന്നാലെ തന്നെ അവരും തിരിച്ചിരുന്നു …

മേക്കപ്പ് കഴിഞ്ഞ് , റൂമിനു പുറത്തേക്കിറങ്ങിയപ്പോൾ തന്നെ കിച്ചയും സ്വാതിയും അവൾക്കടുത്തേക്ക് ഓടി വന്നു കെട്ടിപ്പിടിച്ചു … അവൾ മുകൾ നിലയിലൊക്കെ ചുറ്റി നടന്നു കാണുകയായിരുന്നു . ..

അവരോട് പറഞ്ഞിട്ട് , അവൾ നിവയ്ക്കും ഹരിതയ്ക്കും ഒപ്പം താഴെ വന്നു … ആർഭാടങ്ങളൊഴിവാക്കി , ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി വീട്ടിൽ വച്ച് തന്നെയായിരുന്നു റിസപ്ഷൻ ..

റിസപ്ഷനിടയിൽ പലപ്പോഴും നിഷിൻ അവളോട് സംസാരിച്ചുവെങ്കിലും അവൾ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടിയൊതുക്കി …

അവൾക്ക് എന്തോ പ്രശ്നമുണ്ടെന്ന് നിഷിന് തോന്നിയിരുന്നു …

ഒരു വട്ടം അവനത് ചോദിക്കുകയും ചെയ്തു .. പക്ഷെ ഒന്നുമില്ലെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി ….

* * * * * * * * * * *

രാത്രി ………!

നിവയാണ് അവളെ മണിയറയിലേക്ക് എത്തിച്ചത് .. അവിടെ വരെ നിവ അവളോടൊന്നും സംസാരിച്ചില്ല …

” നിവയുടെ റൂം ഏതാ ….” പെട്ടന്ന് അവൾ ചോദിച്ചു ….

” അതാ ……..” അവൾ തന്റെ റൂം കാട്ടി കൊടുത്തു …

അവളെന്തിനാണ് തന്റെ റൂം ചോദിച്ചതെന്ന് അവൾക്ക് മനസിലായില്ല …

മയിയെ റൂമിലാക്കി അവൾ തിരിച്ചു പോയി …

നിഷിൻ അവളെ കാത്തിരിക്കുകയായിരുന്നു …

റൂം ലോക്ക് ചെയ്തിട്ട് അവൾ ഗ്ലാസ് ടേബിളിൽ കൊണ്ടു വച്ചു … പിന്നെ അവിടെ തന്നെ നിന്നു …

” എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് , ഇങ്ങ് വാ ….” അവൻ വിളിച്ചു …

അവൾ അവിടെ തന്നെ നിന്നു …

നിഷിന് എന്തോ വല്ലായ്മ തോന്നി .. അവനെഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു ….

പെട്ടന്ന് അവൾ കൈയിൽ മടക്കി വച്ചിരുന്ന ലെറ്റർ അവന് നേരെ നീട്ടി …

അവൻ അത് വാങ്ങിയിട്ട് മയിയെ നോക്കി …

പിന്നെ കവറിനുള്ളിൽ നിന്ന് ലെറ്റർ പുറത്തെടുത്തു നിവർത്തി ….

അവനാ ലെറ്റർ വായിക്കുമ്പോൾ അവൾ അവനെ തന്നെ വീക്ഷിക്കുകയായിരുന്നു …

ആ എസി യുടെ തണുപ്പിലും അവൻ നിന്ന് വിയർക്കുന്നത് അവൾ സ്ക്യാൻ മെഷീൻ പോലെ ഒപ്പിയെടുത്തു …

വായിച്ചു കഴിഞ്ഞിട്ടും അവൻ ആ കത്തിലേക്ക് തന്നെ നോക്കി നിന്നു …

ആദ്യം മയിയുടെ മുഖത്തേക്ക് നോക്കാൻ അവനു പ്രയാസം തോന്നി …

” മയീ…….” ഒടുവിൽ അവൻ വിളിച്ചു …

ഒരു നിസാഹയത അവന്റെ ശബ്ദത്തിലുണ്ടായിരുന്നു …

” ഇത് പോലൊരു ഊമക്കത്ത് അയക്കുന്നതിന് പിന്നിലെ ഇന്റൻഷൻ തനിക്ക് ഊഹിക്കാവുന്നതല്ലേ …. ” ഒടുവിൽ അവൻ ചോദിച്ചു …

” എന്ന് വച്ചാൽ നിഷിൻ രാജശേഖർ IAS ന്, ഇത് പോലൊരു പൈങ്കിളി കത്ത് അയക്കാൻ മാത്രം പോന്ന ചീള് ശത്രുക്കളാണ് ഉള്ളതെന്നോ ….?”

നിഷിന്റെ മുഖത്തെ രക്തയോട്ടം നിലച്ചു ..

” എന്റെ അറിവിൽ നിങ്ങളുടെ പ്രധാന ശത്രു , മന്ത്രി മുസാഫിർ പുന്നക്കാടനാണ് .. അദ്ദേഹം നിങ്ങളെ പബ്ലിക് ആയി തന്നെ വിമർശിച്ചിട്ടുമുണ്ട് .. അല്ല നല്ല പച്ച തെറി വിളിച്ചിട്ടുണ്ട് … ജനങ്ങളും മീഡിയയും എല്ലാം നിങ്ങൾക്കൊപ്പം നിന്നിട്ട് കൂടി .. ആൻഡ് പേർസണലി ഞാൻ മുസാഫിർ പുന്നക്കാടന്റെ പക്ഷത്തുമാണ് .. അദ്ദേഹം എന്തായാലും ഇതുപോലൊരു തറപ്പണി ചെയ്യില്ല എന്നെനിക്ക് ഉറപ്പുണ്ട് ….. ” മയി അറുത്തു മുറിച്ച് പറഞ്ഞു ..

നിഷിന്റെ മുഖത്ത് ഒരു ഭാവമാറ്റമുണ്ടായി ..

” മയീ … അയാൾ മാത്രമല്ല .. ഒഫീഷ്യലി ഒരു പാട് ഇഷ്യൂസ് എനിക്കുണ്ട് .. തനിക്ക് എന്നെ വിശ്വാസമില്ലേ ….?”

” വിശ്വസിക്കാൻ മാത്രം അടുപ്പമോ പരിചയമോ നമ്മൾ തമ്മിലില്ലല്ലോ …? ” അവൾ പുച്ഛത്തോടെ ചോദിച്ചു ..

” എങ്കിൽ വിവാഹത്തിനു മുന്നേ നിനക്ക് ചോദിക്കാമായിരുന്നില്ലേ .. എന്തിന് ഇവിടെ വരെ എത്തിച്ചു ?” അവന്റെ ശബ്ദം അറിയാതെ ഉയർന്നു …

” മുഹൂർത്തത്തിന് തൊട്ടു മുൻപാ ഞാനിത് വായിച്ചത് …”

” അപ്പോഴും നിനക്ക് ചോദിക്കാമായിരുന്നു … ”

” ചോദിച്ചാലും നിങ്ങൾ നിഷേധിക്കും … ഒരൂമ കത്തിനെ എന്റെ ഫാമിലി വക വയ്ക്കില്ല … പ്രത്യേകിച്ച് അവർക്ക് നിങ്ങളോടുള്ള മതിപ്പ് കൊണ്ട് … ഇനി ഈ കത്ത് സത്യമാണെങ്കിൽ , ഇങ്ങനെ ഒന്ന് ഉണ്ടായിട്ടല്ലേ നിങ്ങൾ എന്നെ വിവാഹം ചെയ്യാൻ വന്നത് … അതായത് ചതിക്കാൻ ഉദ്ദേശിച്ചു തന്നെ …. ഇനിയഥവാ കള്ളമാണെങ്കിൽ നിങ്ങളെ നഷ്ടപ്പെടുത്തി എന്ന പഴി കൂടി ഞാൻ കേൾക്കണം .. ചിലപ്പോൾ എനിക്കും കുറ്റബോധം തോന്നും … അത് കൊണ്ട് മുഹൂർത്തത്തിന് പറയാമായിരുന്നു എന്നൊക്കെ പറഞ്ഞ് , സ്വയം ന്യായീകരിക്കാൻ ശ്രമിക്കണ്ട .. ”

” മയീ ……” അവൻ സൗമ്യനായി വിളിച്ചു ….

” ഇതിന്റെ സത്യമെന്താണെന്നും ആരാണ് പിന്നിലെന്നും ഞാൻ തന്നെ തെളിയിക്കും നിന്റെ മുന്നിൽ … അതിനുള്ള സമയം നീ തന്നാൽ മതി …..”

” എത്ര സമയം വേണമെങ്കിലും എടുത്തോളു .. പക്ഷെ അതുവരെ , ഒരു മാല എന്റെ കഴുത്തിലിട്ടു എന്ന് വച്ച് എന്റെ മേലുള്ള അട്ടിപ്പേറവകാശം നിങ്ങൾക്ക് തന്നിട്ടില്ല എന്ന് നിങ്ങൾ ഓർത്തോണം .. പറഞ്ഞത് മനസിലായില്ലേ , എന്റെ കൂടെ കേറി കിടക്കാൻ വരരുതെന്ന് … ”

” മൈൻഡ് യുവർ വേർഡ്സ്‌ ……” അവന്റെ മുഖം ചുവന്നു …

” ഗെറ്റ് ലോസ്റ്റ് …….” അവൾ അവന്റെ മുഖത്തിന് നേരെ വിരൽ ചൂണ്ടി …

( തുടരും )

NB : മയി താലിയെ അപമാനിച്ചു , സ്ത്രീത്വത്തെ അപമാനിച്ചു എന്നൊക്കെ ചിലർക്കെങ്കിലും തോന്നും … ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നത്ര തന്റേടമുള്ള പെൺകുട്ടികൾക്കു കൂടിയുള്ളതാണ് ഈ ലോകം … അവരെ പൊതുവേ സമൂഹം കാണുന്നത് മറ്റൊരു തരത്തിലാണ് … സമൂഹം അല്ലെങ്കിൽ ചിലരെങ്കിലും … നമുക്ക് നോക്കാം … അവരുടെ കണ്ണിലൂടെയുള്ള കാഴ്ചയും കാണുന്നത് ഒരു അനുഭവം ആണ്‌ .. സാധാരണ താലിയും സിന്ദൂരവും തൊട്ടു നടക്കുക്കുന്നവളല്ലാത്ത ഒരു നായിക , നായികയാവില്ലെ ….

ഇങ്ങനെ ഒരു nb ചിലരെങ്കിലും പരാതി പറയും എന്നുള്ളത് കൊണ്ടാണ് കേട്ടോ.. എല്ലാവരെയും ഉദേശിച്ചല്ല ട്ടൊ…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story