ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14

എഴുത്തുകാരി: അമൃത അജയൻ


നിവയുടെ കണ്ണ് തള്ളി …

” ഇവിടെ കിടക്കണ്ട .. എനിക്കിഷ്ടമല്ല ആരും എന്റെ കൂടെ കിടക്കുന്നേ …. ” അവൾ പ്രതിരോധിക്കാൻ ശ്രമിച്ചു ..

” ഓഹോ .. എന്നാൽ ഇനി ശീലമായിക്കോളും … ” മയി പറഞ്ഞു കൊണ്ട് ഡോർ ലോക്ക് ചെയ്ത് കീ എടുത്തു …

” ഇങ്ങോട്ട് വരുന്നുന്ന് ഏട്ടനോട് പറഞ്ഞോ ? ” നിവ ചോദിച്ചു ..

മയി നിവയെ അടിമുടി ഒന്നു നോക്കി ..

” നിന്റെ ചോദ്യത്തിന്റെ പൊരുൾ എനിക്ക് മനസിലായി … കല്ല്യാണത്തിന്റെ പിറ്റേ രാത്രി , ഭർത്താവിനെ വിട്ട് ഭർത്താവിന്റെ അനുജത്തിയുടെ മുറിയിൽ കിടക്കാൻ വന്നതെന്തിനാന്ന് …. ” മയി ചുണ്ടു കോട്ടി ചിരിച്ചു .

” ഹ്മ് …. തത്ക്കാലം മോളത് അറിയണ്ട … പിന്നെ , ഞാനിവിടെയാ കിടക്കുന്നതെന്ന് ഈ വീട്ടിൽ ഞാനും നീയുമല്ലാതെ മറ്റൊരാളും അറിയരുത് … അല്ല നീ പറഞ്ഞാലും അതുകൊണ്ടുള്ള പ്രശ്നം എനിക്കല്ല .. നിന്റെ ഏട്ടനാ ……” അവൾ എന്തെങ്കിലും കൊനഷ്ട് ചിന്തിക്കും മുൻപേ മയി അതിന് തടയിട്ടുകൊണ്ട് പറഞ്ഞു …

പെട്ടന്ന് നിവയുടെ ഫോൺ ശബ്ദിച്ചു … അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു … മയി അത് സശ്രദ്ധം വീക്ഷിച്ചു ..

നിവ കോൾ കട്ട് ചെയ്തു കളഞ്ഞു … പിന്നാലെ വീണ്ടും ഫോൺ ശബ്ദിച്ചു …

” അതെടുക്ക് …….” അവൾ കോൾ കട്ട് ചെയ്യും മുൻപേ മയി പറഞ്ഞു ..

അവൾ മയിയെ ഒന്ന് നോക്കി … പിന്നെ കാൾ ബട്ടൺ അമർത്തി കാതോടു ചേർത്തു …

അവൾ അങ്ങോട്ട് ഒന്നും സംസാരിച്ചില്ല ..

” ഞാൻ വയ്ക്കുവാ … ഇവിടെ എല്ലാരും ഉണ്ട് ……” അത്രയും പറഞ്ഞ് ആ കാൾ അവൾ കട്ട് ചെയ്തു …

മയി അതേക്കുറിച്ച് കൂടുതലൊന്നും ചോദിച്ചില്ല …

നിവ ഫോണുമായി ബെഡിലേക്ക് കയറിയതും മയി പിടിച്ചു നിർത്തി …

” നിൽക്ക് ….. ഒരു കാര്യം പറയട്ടെ ….?”

” ഇനിയെന്താ ….?..” നിവയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു …

” ഇന്ന് ഹോസ്പിറ്റലിൽ വച്ച് കണ്ട ആളെ നിനക്ക് പരിചയമുണ്ടോ …? ” മയി ചോദിച്ചു …

നിവ മൗനമായി … പിന്നെ ഉവ്വെന്ന് തലയാട്ടി ..

” ആ കൂടെയുണ്ടായിരുന്നത് ആരാന്നറിയോ …?

അവൾ അതിനും തലയാട്ടി

” ആരാ …..?”

” ഭാര്യ , മോള് …”

” കഴിഞ്ഞ ഒന്നര മാസമായി അവൻ നിന്റെ ഏട്ടന്റെ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിലാണ് .. ആര് പറഞ്ഞിട്ടാന്നറിയോ …? ഞാൻ പറഞ്ഞിട്ട് … എന്നാലാവുന്ന സാമ്പത്തിക സഹായവും ചെയ്യുന്നുണ്ട് … അതെല്ലാം ഈ വീട്ടിലുള്ളവർക്കും അറിയാം .. ആ രാത്രി ആക്‌സിഡന്റ് ഉണ്ടാകുമ്പോഴും ഞങ്ങളൊന്നിച്ചായിരുന്നു … എന്നിട്ടും ഇവിടെയാരും സംശയിക്കാത്തതെന്താന്ന് നിനക്കറിയോ …? ” മയി ചോദിച്ചു …

നിവ മിണ്ടിയില്ല …….

” അവർക്ക് നിന്നേക്കാൾ വിവരമുള്ളത് കൊണ്ട് .. കാണുന്നതെല്ലാം മഞ്ഞയല്ലാത്തത് കൊണ്ട് … ”

നിവയുടെ മുഖം ചുവന്നു ..

” കിടക്ക് ………” മയി അവളെ നോക്കി പറഞ്ഞു …

ഉറങ്ങാൻ കിടക്കുമ്പോൾ നിവയുടെ ചിന്ത പല വഴിക്ക് സഞ്ചരിച്ചു …

ഏട്ടനും ഇവരും തമ്മിൽ എന്താണ് പ്രശ്നം …?

എന്തോ ഉണ്ട് … അല്ലാതെ ഒരിക്കലും അവർ തന്റെ കൂടെ വന്ന് കിടക്കില്ല … എന്തായാലും അതത്ര ചെറിയ പ്രശ്നവും അല്ല ..

അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ , അത് കണ്ടു പിടിക്കണം …

അത് ഒന്ന് ഊതി വീർപ്പിച്ചാൽ , ഏട്ടൻ തന്നെ ഇവരെ ചവിട്ടി പുറത്താക്കും ….

തത്ക്കാലം ഇവരുടെ കൈയ്യിലെ ചട്ടുകമായി നിൽക്കുന്നതാണ് ബുദ്ധി …

* * * * * * * * * *

പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് , അപ്സരയെ സൈക്കിളിൽ ഇരുത്തി ഉരുട്ടി കളിപ്പിച്ചു നിൽക്കുമ്പോൾ ഒരു കാർ ഗേറ്റ് കടന്നു വന്നു …

മയി അപ്പൂസിന്റെ സൈക്കിൾ പിടിച്ചു നിർത്തിയിട്ട് നിവർന്നു നോക്കി …

കാറിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി … മയിയെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു …

അവൻ അവളെ പിന്നെയും പിന്നെയും നോക്കി …

മയിക്കെന്തോ വല്ലായ്മ തോന്നി .. അവൾ കുനിഞ് അപ്പൂസിനെ സൈക്കിളിൽ നിന്നെടുത്തു …

” ആരാ …..” അവൾ ചോദിച്ചു ..

” നിഷിന്റെ വൈഫല്ലേ ….? ” ആഗതൻ ചോദിച്ചു …

” അതേ …. ”

” അവനില്ലേ …… ?”

” ഉണ്ട് ……..”

” ഞാൻ നിഷിന്റെ ഫ്രണ്ടാണ് … ആദർശ് ….”

” കയറി വരൂ …….” അവൾ ക്ഷണിച്ചു …

” ആഹാ …. ഇതാരാ … ആദർശോ……. വാ ….. അമ്മേ … ദേ ആരാ വന്നേന്ന് നോക്കിയേ ….” അങ്ങോട്ട് വന്ന ഹരിത ആഹ്ലാദത്തോടെ അവനെ ക്ഷണിച്ചിട്ട് അകത്തേക്ക് നോക്കി വിളിച്ചു …

അവൻ ഈ വീട്ടുകാരുമായി നല്ല അടുപ്പമുണ്ടെന്ന് ഹരിതയുടെ പെരുമാറ്റത്തിൽ നിന്ന് മയിക്ക് മനസിലായി ..

ആദർശ് ചിരിച്ചു കൊണ്ട് കയറിച്ചെന്നു … പെട്ടന്ന് എന്തോ ഓർത്ത പോലെ തിരികെ ഇറങ്ങി , കാർ തുറന്ന് എന്തോ എടുത്തു കൊണ്ട് തിരിച്ചു വന്നു …

അപ്പോഴേക്കും വീണയും രാജശേഖറും അങ്ങോട്ടു വന്നു …

” ആദർശ് …. കയറി വാ മോനേ …… ” രാജശേഖർ ക്ഷണിച്ചു …

അവൻ നേരെ വന്ന് , മയിയുടെ കൈയിലിരുന്ന അപ്സരയുടെ കൈയ്യിൽ പിടിച്ചു …

” അപ്പൂസേ … മറന്നോ അങ്കിളിനെ ….” അവൾ നാണിച്ചു ചിരിച്ചു ..

കൈയിലിരുന്ന ചോക്ലേറ്റ് ബോക്സ് അവൻ അവൾക്ക് നീട്ടി ….

അവൾ മയിയെ നോക്കിയിട്ട് , മെല്ലെ കൈ നീട്ടി വാങ്ങി …

അവൻ എടുക്കാൻ നോക്കിയെങ്കിലും അവൾ പോയില്ല …

” മറന്നു പോയി .. ഇനി കുറച്ച് കഴിയുമ്പോ ഇണങ്ങും…….” വീണ ചിരിച്ചു കൊണ്ട് പറഞ്ഞു …

അപ്പൂസിനോട് സംസാരിക്കുമ്പോഴും അവൻ ഇടം കണ്ണിട്ട് മയിയെ നോക്കുന്നുണ്ടായിരുന്നു … അവൾക്കെന്തോ അസ്വസ്ഥത തോന്നി ..

” നിഷിൻ എവിടെ ………” അവൻ ഹാളിലേക്ക് പ്രവേശിച്ചു കൊണ്ട് ചോദിച്ചു …

” മുകളിലുണ്ട് … ലീവാണെങ്കിലും ഏത് സമയവും ഫോൺ കോൾസാ ….” വീണ പറഞ്ഞു ….

” മോളെ .. കിച്ചൂനെ വിളിക്ക് ….” രാജശേഖർ പറഞ്ഞു …

മയി അപ്പൂസിനെ ഹരിതയുടെ കൈയിൽ കൊടുത്തിട്ട് മുകളിലേക്ക് കയറിപ്പോയി …

മിനിറ്റുകൾ കഴിഞ്ഞപ്പോൾ അവൾ നിഷിനുമായി തിരികെ വന്നു …

” ഹലോ …. അളിയാ ……” ആദർശ് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് വന്നു … ഇരുവരും പരസ്പരം ആശ്ലേഷിച്ചു …

നിഷിന്റെ ഏറ്റവും അടുത്ത സുഹൃത്താണയാൾ എന്ന് മയിക്ക് മനസിലായി … പക്ഷെ മുൻപ് ഒരിക്കലും നിഷിനൊപ്പം കണ്ടിട്ടില്ല ..

നിഷിൻ ആദർശുമായി സംസാരിക്കാനിരുന്നു …

” ശ്ശെടാ …. നീയാദ്യം എന്നെ പരിചയപ്പെടുത്തിക്കൊടുക്ക് … നിന്റെ ഭാര്യക്ക് …..”

നിഷിൻ പെട്ടന്നോർത്ത പോലെ മയിയെ അടുത്തേക്ക് വിളിച്ചു …

” മീറ്റ് മൈ ഫ്രണ്ട് Mr . ആദർശ് …. ആദർശ് സത്യമൂർത്തി …..” കൂടുതൽ വിവരങ്ങൾ അവൻ പറഞ്ഞില്ല …

ആ പേര് കേട്ടതും മയിയുടെ തലച്ചോറിലെവിടെയോ ഒരു കൊളളിയാൻ മിന്നി ….

” ആദർശ് … ലഞ്ച് കഴിഞ്ഞിട്ടേ പോകാവൂ ….” ഹരിത പറഞ്ഞു

” അത്രേയുള്ളു ഏട്ടത്തി …..” അവൻ പറഞ്ഞു …

മയി അപ്പോഴും ആ പേര് ഓർമയിൽ ചികയുകയായിരുന്നു … ആദർശ് സത്യമൂർത്തി …

* * * * * * * * * * * * *

ലഞ്ചിനു ശേഷം , മുകളിൽ മട്ടുപ്പാവിൽ ആദർശ് നിഷിനെയും കൂട്ടി പോയി ….

അവിടെ എത്തിയതും , അവൻ പെട്ടന്ന് കടന്നു വന്ന വഴികൾ ഒന്ന് കൂടി നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി …

” നീ എന്താ നോക്കുന്നേ …. ” നിഷിൻ ചോദിച്ചു …

” എടാ ഇത് ആ പെണ്ണല്ലേ ,നീ എറണാകുളത്തായിരുന്നപ്പോൾ ആ പ്രസ് മീറ്റിൽ വന്ന പെണ്ണ് … റെവന്യൂ മന്ത്രി മൂസാഫിർ പുന്നക്കാടനുമായുള്ള പ്രശ്നത്തിൽ … ”

നിഷിൻ ഗൂഢമായി ചിരിച്ചു …

” ഷിറ്റ് …. ഒരു ജേർണലിസ്റ്റിനെ മാര്യേജ് ചെയ്യുന്നു എന്ന് കേട്ടപ്പോഴേ നിനക്കിതെന്തു പറ്റിയെന്ന് ഞാനോർത്തതാ .. … നിനക്ക് പറ്റിയത് നിന്നെപ്പോലെ ഒരു ഐഎഎസോ , ഡോക്ടറോ , കോളേജ് പ്രഫസറോ ആയിരുന്നു .. ഇതിപ്പോ … അതും ഇവൾ … ആ കേസിൽ നിന്നെ ക്യാമറയുടെ മുന്നിലിട്ട് വെള്ളം കുടിപ്പിച്ചത് ഇവൾ മാത്രമല്ലേടാ … ആ നാറി മന്ത്രിയുടെ പക്ഷം പിടിച്ച് , റിപ്പോർട്ടുകൾ തയ്യാറാക്കി ടെലികാസ്റ്റ് ചെയ്തതും ഇവൾ മാത്രമല്ലേ … നീ കുറച്ചെങ്കിലും പ്രതിരോധത്തിലായത് ഇവളൊരുത്തി കാരണമല്ലേ … ഭരണപക്ഷ രാഷ്ട്രിയ അനുയായികൾ ഇവളുടെ റിപ്പോർട്ടുകൾ പൊക്കിപ്പിടിച്ചാ നിന്നെ പ്രതിരോധിച്ചത് . . അതെല്ലാം മറന്നിട്ടാണോ നീ ഇവളെ കെട്ടി നിന്റെ അന്തപുരത്തിൽ കൊണ്ടിരുത്തിയത് ….? കാശ് കൊടുത്തു കടിക്കുന്ന നായയെ വാങ്ങിയെന്ന് കേട്ടിട്ടേയുള്ളു .. ഇപ്പോ കണ്ടു .. ”

” ബട്ട് ഐ ലവ് ഹെർ …….. ” നേർത്തൊരു പുഞ്ചിരി നിഷിന്റെ ചുണ്ടിൽ തത്തിക്കളിച്ചു …

ആ സമയം മയി ഫോണെടുത്ത് ഗൂഗിളിൽ സെർച്ച് ചെയ്യുകയായിരുന്നു ആദർശ് സത്യമൂർത്തി എന്ന പേര് …

വിരൽ തുമ്പിൽ തെളിഞ്ഞു വന്നത് റീക്ക് എന്ന മൈക്രോസോഫ്റ്റ് കമ്പനി ഉടമ ആദർശ് സത്യമൂർത്തിയുടെ ചിത്രമാണ് … സൗത്തിന്ത്യയിലെ വൺ ഓഫ് ദ ബെസ്റ്റ് ബിസിനസ് മാഗ്നറ്റ് …

അവളുടെ നെറ്റിയിൽ ചുളിവുകൾ വീണു …

* * * * * * * * * * * * * * * * *

ഞായറാഴ്ച ….

വൈകിട്ടോടെ നിവ പോകുവാൻ റെഡിയായി … ഇനിയേതായാലും ഒരു മാസം കഴിയാതെ നാട്ടിലേക്ക് വരില്ലെന്ന് അവൾ മനസിലുറപ്പിച്ചു …

മയി വരുമ്പോൾ അവസാന വട്ട മേക്കപ്പിലായിരുന്ന നിവ.. മയി ഡോറടച്ചു …

നിവയുടെ കണ്ണുകളിൽ ഒളിച്ചിരുന്ന പുച്ഛം മയിക്ക് മനസിലായി …

” അപ്പോ പോകാൻ പോവാ ല്ലേ ……”

” അതേ ….” നിവയുടെ പോയ നാവ് തിരികെ വന്നു എന്ന് ആ മറുപടിയിൽ നിന്ന് മയിക്ക് വ്യക്തമായി …

” അപ്പോ ഇനി മുതൽ ഈ റൂമിൽ ഞാൻ തനിച്ച് ……”

” ഇവിടെയോ … ഇവിടെ പറ്റില്ല … ഈ റൂം ഞാൻ ലോക്ക് ചെയ്തോണ്ട് പോകും …… ”

” അതെന്തിനാ ലോക്ക് ചെയ്തോണ്ടു പോകുന്നേ …. ”

”ഞാനിവിടെ ഇല്ലല്ലോ .. പിന്നെന്തിനാ വെറുതെ തുറന്നിടുന്നേ …. ”

” ശരി … ഇനി മുതൽ ലോക്ക് ചെയ്ത്കൊണ്ട് പോകണ്ട … ആ കീ എന്നെ ഏൽപ്പിച്ചേക്ക് …..”

”ദേ … രണ്ട് ദിവസം താഴ്ന്ന് തന്നു എന്ന് വച്ച് , എന്റെ തലയിൽ കയറിയിരുന്നു നിരങ്ങാൻ വരല്ലേ …..” അവൾ മയിയുടെ നേർക്ക് കയർത്തു …

” നീ ആരെ കണ്ടിട്ടാ , ഇപ്പോ ഇങ്ങനെ തിളയ്ക്കുന്നേ … അങ്ങ് ബാംഗ്ലൂര് പോകുന്നതിന്റെ തിളപ്പാണോ … അവിടെ പോയാൽ രെക്ഷപ്പെട്ടു എന്നാണോ വിചാരം ….?” മയി ചോദിച്ചു ..

നിവ ചുണ്ടു കോട്ടി ..

” എന്നാൽ ഞാൻ പറയുന്നത് കേട്ടോ … ഇന്ന് മുതൽ ഞാൻ വീഡിയോ കോൾ ചെയ്യുമ്പോഴെല്ലാം നീ ഫോണെടുത്തോണം … വീഡിയോ കോൾ എന്നല്ല ഏത് കോളായാലും എടുത്തോണം … ചിലപ്പോ അഞ്ചോ പത്തോ തവണ ഞാൻ വിളിക്കും … ചിലപ്പോ നീ പഠിക്കുമ്പോ ലൈവ് ഓണാക്കി വയ്ക്കാൻ പറയും … എന്ത് പറഞ്ഞാലും അതനുസരിച്ചോണം …..”

നിവ മയിയെ തുറിച്ച് നോക്കി ….

” തീർന്നില്ല , വെള്ളിയാഴ്ച വൈകിട്ട് , ഞാൻ ബുക്ക് ചെയ്യുന്ന ബസിൽ , അല്ലെങ്കിൽ ട്രയിനിൽ നീ നാട്ടിലേക്ക് വന്നോണം … ഏതാ ബുക്ക് ചെയ്തേക്കുന്നേന്ന് ഞാൻ ഈവനിംഗ് പറയും .. നീ തേർസ്ഡേ തന്നെ എല്ലാം പാക്ക് ചെയ്തു വച്ചോണം .. ഇതിലേതെങ്കിലും തെറ്റിച്ചാൽ , അടുത്ത മണിക്കൂറുകളിൽ നിന്റെ ഏട്ടന്മാരും അച്ഛനും അമ്മയും എല്ലാം ബാംഗ്ലൂരിലുണ്ടാകും ……. പറഞ്ഞത് വാവയ്ക്ക് മനസിലാകുന്നുണ്ടോ …? ” മയിയുടെ ശബ്ദം ഉറച്ചതും ദൃഢവുമായിരുന്നു ….തുടരും

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14

Share this story