ശ്രീയേട്ടൻ… B-Tech : PART 14

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്
“എടി…ഇന്നലെ എങ്ങനുണ്ടാരുന്നു..മഴയത്ത്..പ്രണയം പൂത്തോ..”ജാൻസിയുടെ ചോദ്യം കേട്ട് സേതു മുഖം കൂർപ്പിച്ചു..
“ഓ.. പ്രണയം..മണ്ണാങ്കട്ട..ആ പുതിയ വയലറ്റ് ഷോളാ ആ കോന്തൻ വലിച്ചുകീറിയത്..ആകെ 2 പ്രാവശ്യമേ ഇട്ടിട്ടുള്ളൂ അത്…”
“ഏഹ്.. അപ്പൊ…അതും നടന്നോ..റേപ്പ്…”ജാൻസി മൂക്കത്ത് വിരൽ വെച്ചു..
“ഒന്നു പോടി.. അവൾടെയൊരു റേപ്പ്…ഇതിലും ഭേദം വല്ല ചീറ്റപുലിയുടെ കൂടെയും പോകുന്നതായിരുന്നു…”സേതു കൈ തലയിൽ വെച്ചു..
രണ്ടു പേരും കൂടി ക്ലാസിൽ പോകാൻ ബസിലിരിക്കുകയായിരുന്നു…
“ഡി.. എന്താ ഉണ്ടായേ..?”ജാൻസിക്കു ആകാംഷ സഹിക്കാൻ പറ്റുന്നില്ലായിരുന്നു..
സേതു ഉണ്ടായ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞു..
അതു കേട്ടു ജാൻസി ചിരിയോട് ചിരി..
“ഡി.. ഇതൊക്കെ ശ്രീയേട്ടന്റെ ജാഡയല്ലേ…നിന്നെ ഭയങ്കര ഇഷ്ടമാ ആൾക്ക്..”ജാൻസി പറഞ്ഞു..
“എനിക്കങ്ങനെ തോന്നുന്നില്ല ജാൻസി..ഇഷ്ടമായിരുന്നു ശ്രീയേട്ടന്..പക്ഷെ ഇപ്പൊ ആ മനസിൽ ഞാനില്ല…നിനക്കറിയോ..എന്നെ വിളിച്ചുകൊണ്ടു പോകാനായി ഫോണ് വിളിക്കാൻ ശിവേട്ടന്റെ നമ്പർ ചോദിച്ചു എന്നോട്…അല്ലാതെ നീ വിചാരിക്കുന്ന പോലെ ശ്രീയേട്ടന് എന്നെ കൂടെ കൊണ്ടുപോകാനുള്ള ഇഷ്ടമൊന്നുമില്ലായിരുന്നു..ശിവേട്ടന്റെ നമ്പർ കൊടുത്തിരുന്നെങ്കിൽ ശ്രീയേട്ടൻ ശിവേട്ടനെ വിളിച്ചേനെ…അല്ലെങ്കിലും എന്നോടങ്ങനെയോരു ഇഷ്ടമുണ്ടെങ്കിൽ വേറെ പെണ്ണ് കാണാനൊന്നും പോവില്ലാരുന്നല്ലോ…”പറഞ്ഞു കൊണ്ട് സേതു ജാൻസിയെ ഒന്നു ഒളികണ്ണിട്ട് നോക്കി..
അവൾക്കു അതേക്കുറിച്ചു അറിയണമെന്നുണ്ടായിരുന്നു..ജാൻസി ഇതുവരെ അതിനെക്കുറിച്ചൊന്നും സേതുവിനോട് പറഞ്ഞിട്ടില്ലായിരുന്നു..
സേതു അങ്ങനെ പറഞ്ഞെങ്കിലും ജാൻസി ഒന്നും മിണ്ടിയില്ല..തന്നെയുമല്ല ഫൈസി പറഞ്ഞിരിക്കുന്ന കാര്യം അവൾ ഓർത്തു…”ആ കാര്യം സേതുവിനോട് പറയണ്ട..”
“എന്താ നീ ആലോചിക്കുന്നെ..”സേതു അവളെ തട്ടി വിളിച്ചു..
“ഏയ്..ഒന്നൂല്ല…”അവൾ ചുമൽ കൂച്ചികാണിച്ചു…
“നിനക്കു ഇഷ്ടമാണോ ശ്രീയേട്ട നെ..”?ജാൻസി അവളുടെ മുഖത്തേക്കു നോക്കി…
സേതു ഒരു വിഷാദ ചിരി ചിരിച്ചു..എന്നിട്ട് പുറത്തേക്കു നോക്കിക്കൊണ്ട് പറഞ്ഞു…
“എന്നെപ്പോലെ ഒരു പെണ്ണിന് അങ്ങനെ ആ ആളെ ഇഷ്ടപ്പെടാനുള്ള അർഹതയൊന്നുമില്ല..സ്വപ്നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഞാൻ എന്നേ കുഴിച്ചു മൂടി…എങ്കിലും ചിലപ്പോൾ അടുത്തു കാണുമ്പോഴൊക്കെ അതെല്ലാം മറന്നു പോകും…അറിയാതെ ഇഷ്ടം തോന്നിപ്പോകും..
അവൾ വീണ്ടും പുറത്തേക്കു നോക്കി കണ്ണിൽ നിന്നും മറയുന്ന കാഴ്ചകൾ കണ്ടിരുന്നു..
അന്നവർക്ക് രണ്ടു നേരവും ക്ലാസ്സുണ്ടായിരുന്നു..അതു കൊണ്ടു തന്നെ രാവിലത്തെ കാശിനാഥനിൽ ഇരുന്നായിരുന്നു ഈ സംസാരം…
രാവിലെ ഒരു അരുണ്സാറിന്റെ ഇംഗ്ലീഷ് ക്ലാസ്സാണ്…ഉച്ചക്ക് ശ്രീയുടെ കണക്കും…
ജാൻസിക്കാണെങ്കിൽ രാവിലെ എഴുന്നേറ്റത്തിന്റെ ക്ഷീണം നല്ലപോലെയുണ്ട്…രാവിലെ തന്നെ ഉറക്കം വരുന്നുണ്ടായിരുന്നു അവൾക്കു..
രാവിലത്തെ ക്ലാസ്സ് കഴിഞ്ഞു അവർ ഊണുകഴിക്കാനായി ഒഴിഞ്ഞുകിടക്കുന്ന ഒരു ക്ലാസ്സ് മുറിയിലേക്ക് നടന്നു..
പോകുന്ന വഴിക്ക് ബാങ്കുകാരുടെ ക്ലാസ്സിൽ നിന്നിറങ്ങുന്ന ശ്രീയെ കണ്ടു..
അവൻ നോക്കുകപോലും ചെയ്യാതെ പോയപ്പോൾ ജാൻസി പറഞ്ഞു..
“അങ്ങേരുടെ ഒരു ഒടുക്കത്തെ ജാഡ..ഇനി വീട്ടിലോട്ടു വരട്ടെ കാണിച്ചുകൊടുക്കാം..”
അവർ കൈകഴുകി ചോറുണ്ണാനിരുന്നു..
ഇരുന്നപ്പോഴേ കറന്റ് പോയി..അവരിരുന്ന ക്ലാസിനു മുകളിൽ ഷീറ്റായിരുന്നു ഇട്ടിരുന്നത്…നല്ല ചൂട് അനുഭവപ്പെട്ടത് കൊണ്ടു സേതു അഴിച്ചിട്ടിരുന്ന മുടി വാരി കെട്ടി വെച്ചു..ഷോൾ ഊരി മാറ്റി വെച്ചു..കയ്യിൽ കിട്ടിയ ഏതോ ഒരു ബു ക്കെടുത്ത് വീശിക്കൊണ്ടാണ് അവൾ ഊണ് കഴിച്ചത്..
ചോറുണ്ട് കഴിഞ്ഞു കഴിച്ചപാത്രവുമെടുത്ത് ഇരുവരും ഗേൾസിന്റെ വാഷിംഗ് ഏരിയയിലേക്ക് പോയി..
ഊണ്കഴിച്ചിട്ട് ബോയ്സിന്റെ വാഷിംഗ് ഏരിയയിലേക്ക് കൈ കഴുകാൻ ശ്രീ വന്നപ്പോൾ കുറച്ച് ആണ്കുട്ടികൾ പുറത്തേക്കിറങ്ങി…
“ഡാ.. ആ സേതുലക്ഷ്മിയെ നീയിപ്പോ കണ്ടാരുന്നോ…എന്തു ലുക്കാടാ..അവൾക്കു…”
“ആം…എന്റെ ക്ളാസിലെയല്ലേ…അടിപൊളി സ്ട്രക്ചർ..ബ്യുട്ടിഫുൾ…”
ആരോ പുറത്തു ഭിത്തിയോട് ചേർന്നു നിന്നു അടക്കം പറയുന്നത് കേട്ടു…
ശ്രീ പതുക്കെ വെന്റിലേഷനിലൂടെ പുറത്തേക്കു നോക്കി..
ബാങ്ക് കൊച്ചിങ്ങിലെ മിലൻ ആണ്..കൂടെ psc യിലെ ജിഷ്ണുവും..
രണ്ടു മണിയായി…
സേതുവും ജാൻസിയും ഊണ് കഴിച്ചിടത്തു തന്നെയിരിക്കുകയായിരുന്നു…
“ഡി.. ദേ രണ്ടു മണിയായി..ആ കലിപ്പന്റെ ക്ലാസ്സാ..വേഗം വാ..”ജാൻസി ബാഗുമെടുത്തു ഓടി..
സേതുവും വേഗം ബാഗും വായിച്ചുകൊണ്ടിരുന്ന ബുക്കുമായി പുറത്തേക്കിറങ്ങി…
ശ്രീ ക്ലാസ്സിലേക്ക് വന്നു..
പൊതുവെ ചിരിയും തമാശയുമായി ക്ലാസ് തുടങ്ങുന്ന ശ്രീ ഇന്നിത്തിരി സീരിയസ് ആയി തോന്നി പിള്ളേർക്ക്..ആകെയൊരു ഗൗരവം..
ജാൻസിയും സേതുവും ഇരുന്നിടത്തെക്കു ശ്രീ നോക്കിയതെയില്ല…
പതിവുപോലെ കണക്കു ചെയ്യേണ്ട വിധം പറഞ്ഞു കൊടുത്തു കുറച്ചു ചെയ്തു കാണിച്ചു കൊടുത്തിട്ട് സ്റ്റുഡന്റസിന് തനിയെ ചെയ്യാൻ ഇട്ടു കൊടുത്തു..
എല്ലാവരും ചെയ്യാൻ തുടങ്ങി..
ശ്രീ വാതിലിനടുത്ത് ചെന്നു കൈയും കെട്ടി പുറത്തേക്കു നോക്കി നിന്നു..
ഇടക്കെന്തോ ശബ്ദം കേട്ടു ശ്രീ തിരിഞ്ഞു നോക്കി..
ജിഷ്ണു താഴെന്ന് എന്തോ എടുക്കുന്നതാണ് കണ്ടത്…
“എന്താടോ..അവിടെ..?
“സർ…പേന താഴെപ്പോയതാ…”
“ഇയാൾക്കെന്താ…കൈക്ക് ബലമില്ലേ…?”
ഇത്രയും നാൾ ചിരിച്ചു കളിച്ചു തോളിൽ കൈയിട്ട് നടന്ന ശ്രീഹരി സർ അങ്ങനെ പറഞ്ഞപ്പോൾ ജിഷ്ണുവിന് ഒരു വല്ലായ്മ തോന്നി…
“സോറി സർ..പറഞ്ഞു കൊണ്ട് ജിഷ്ണു ബുക്കിലേക്കു നോക്കി കണക്കു ചെയ്യാൻ തുടങ്ങി..
അപ്പോഴാണ് ശ്രീയുടെ നോട്ടം ജാൻസിയുടെ മേൽ പതിഞ്ഞത്…
ഉറക്കം തൂങ്ങി വീഴുന്നു അവൾ..
“ജാൻസി…സ്റ്റാൻഡ് അപ്…”
അവന്റെ ഉച്ചത്തിലുള്ള വിളി കേട്ടു ജാൻസി ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു…
“ക്ലാസ്സിനു വെളിയിൽ പോ…അവിടെ നിന്നു മതിയാവോളം ഉറങ്ങിയിട്ട് കയറിയാൽ മതി..”
അവൾ ദൈന്യതയോടെ ശ്രീയെ നോക്കി..അവന്റെ കലിപ്പ് മുഖം കണ്ടപ്പോൾ ഒന്നും മിണ്ടാതെ അവൾ പുറത്തിറങ്ങി നിന്നു…
അപ്പോഴാണ് ശ്രീ സേതുവിനെ നോക്കിയത്..
അവിടെ നടന്ന സംഭവം വികാസങ്ങൾ കണ്ടുണ്ടായ അമ്പരപ്പിൽ നിന്നു മുക്തയായി അവൾ കണക്കു ചെയ്യാൻ തുടങ്ങുകയായിരുന്നു…
ശ്രീ അവളെ ആകെയൊന്നു നോക്കി..
ഒരു കരിപ്പച്ച ചുരിദാർ ആണ് ഇട്ടിരിക്കുന്നത്..രാവിലെ വിതിർത്തിട്ടിരുന്ന മുടി ഇപ്പൊ കൂട്ടിക്കെട്ടിയൊക്കെ വെച്ചിരിക്കുന്നു..
ഷോൾ ഇല്ലാത്ത കൊണ്ടു തന്നെ ആ വെളുത്തു നീണ്ട കഴുത്തും അതിലിട്ടിരിക്കുന്ന നേർത്ത മാലയും നന്നായി കാണാം…ആ കരിപ്പച്ച നിറവും അവളുടെ നിറവുമായി നല്ല ചേർച്ച..ആകെ മൊത്തം നല്ല ഭംഗി..ആരും നോക്കിപ്പോകും…
“സേതുലക്ഷ്മി..ഓഫിസിൽ പോയി ഒരു മാർക്കർ പെൻ എടുത്തു കൊണ്ട് വന്നേ…”
ശ്രീയുടെ ഓർഡർ കേട്ടു സേതു വേഗം എഴുന്നേറ്റു…
ക്ലാസ്റൂമിൽ വൈറ്റ് ബോർഡാണ്…മാർക്കർ ഉപയോഗിച്ചാണ് എഴുതുന്നത്..
ആ റൂമിനു രണ്ടു വാതിലുകൾ ഉണ്ടായിരുന്നു..സേതു പുറകിലെ വാതിലിലൂടെയാണ് പുറത്തേക്കിറങ്ങിയത്…
അവൾ പുറത്തേക്കിറങ്ങിയതും ശ്രീ ഫ്രണ്ടിലെ വാതിലിലൂടെ പുറത്തിറങ്ങി..
പുറത്തു വായിൽനോക്കി നിന്ന ജാൻസി കണ്ണുമിഴിച്ചു ശ്രീയെ നോക്കി..
ശ്രീ അവളെ നോക്കാതെ സേതുവിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു..
“എടി…നിൽക്കേടി..അവിടെ…നിന്റെ ഷോൾ എവിടെ..?”
അപ്പോഴാണ് സേതു അതോർത്തത്…അവൾ കൈ കൊണ്ട് കഴുത്തിൽ പരതി..
“ഷോൾ…അത്…അവിടെ..ആ ക്ലാസ്സ്സിൽ..”അവൾ അങ്ങോട്ട് കൈചൂണ്ടി…
“പോയെടുത്തിടെഡി…അവൾ കാണിച്ചുകൊണ്ട് നടക്കുന്നു…ആണ്പിള്ളേരെ കൊണ്ടു പറയിപ്പിക്കാൻ…”
“ഈ മനുഷ്യനിത് എന്തിന്റെ കേടാ..ഇന്നലെ ഒരു ഷോൾ ഇട്ടിരുന്നത് ഇടണ്ടന്നും പറഞ്ഞു വലിച്ചു കീറി പൂട്ടികെട്ടി വെച്ചു…ഇപ്പൊ ഇടെന്നും പറഞ്ഞു പുകിലുണ്ടാക്കുന്നു…ഇങ്ങേർക്കെന്താ പ്രാന്തായോ…”സേതു പിറുപിറുത്തു..
“ആരെ നോക്കി നിൽക്കുവാഡീ..പോയി എടുത്തിട്..മറക്കേണ്ടതെല്ലാം മറച്ചുവെച്ചിട്ടു വൃത്തിക്ക് ക്ളാസിലിരുന്നാൽ മതി…”അവൻ തിരിച്ചു ക്ലാസ്സിലേക്ക് നടന്നു..
ക്ളാസ്സിലേക്കു കയറും മുൻപ് അവൻ ജാൻസിയെ രൂക്ഷമായൊന്നു നോക്കി…
“അവൾടെയൊരു ഉറക്കം..പോയി മുഖം കഴുകിയിട്ടു ക്ലാസ്സിൽ കയറി ഇരിക്കേടി…”
സേതു മാർക്കർ പെന്നുമായി തിരിച്ചു വന്നപ്പോൾ ജാൻസി ക്ലാസിൽ ഇരിപ്പുണ്ട്…
അവൾ പെൻ ശ്രീയുടെ കയ്യിൽ കൊടുത്തിട്ട് ബെഞ്ചിൽ വന്നു ജാൻസിയുടെ അടുത്തിരുന്നു…
ഷോളൊക്കെ വൃത്തിക്ക് അടുക്കി പിൻ ചെയ്തു വന്നിരുന്ന സേതുവിനെ കണ്ടപ്പോഴേ ജാൻസിക്ക് സംഭവം കത്തി…
“മരങ്ങോടൻ..”സേതു മുഖം കൂർപ്പിച്ചു വെച്ചു അതും കൂടി പറഞ്ഞപ്പോൾ ജാൻസിക്ക് ചിരി സഹിക്കാൻ പറ്റാതെയായി…
ശ്രീയുടെ കലിപ്പ് മുഖം കണ്ടപ്പോൾ അവൾ പാടുപെട്ടു ചിരിയടക്കി…
“സേതു…ഡി.. മോളെ…ആരാ പറഞ്ഞേ ഈ കലിപ്പന് നിന്നെയിഷ്ടമല്ലെന്നു…ഇതു ഇഷ്ടം കൂടി മുഴുത്ത് പ്രാന്തായി അതിനും മുകളിൽ വേറേതോ ലെവലിൽ എത്തിനിൽക്കുവാ…പാടുപെടും…മോളെ…നീ പാടുപെടും..
“ഒന്നു മിണ്ടാതിരിക്കെന്റെ ജാൻസി…അല്ലെങ്കിൽ തന്നെ അങ്ങേർക്കു കലിയിളകിയിരിക്കുവാ…”
അങ്ങനെ പറഞ്ഞെങ്കിലും സേതുവിന്റെ മനസ്സിൽ ഒരു കുളിർ കാറ്റ് വീശിത്തുടങ്ങിയിരുന്നു…
ക്ലാസ് തീർന്നു…പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അന്തരീക്ഷം ആകെ മൂടിക്കെട്ടിയിരുന്നു…ഇപ്പൊ പെയ്യും എന്ന രീതിൽ തുളുമ്പാൻ വെമ്പി നിൽക്കുന്ന കരിമേഘങ്ങൾ…
പാർക്കിങ് സ്ഥലത്തു എത്തിയപ്പോൾ ശ്രീ ബുള്ളറ്റെടുക്കുന്നു…മുകളിലേക്കു നോക്കി മഴ പെയ്യുമോ എന്നു നോക്കിയാണ് സ്റ്റാർട്ട് ചെയ്യുന്നത്..
അടുത്തെത്തിയ സേതുവിനെ ഇടങ്കണ്ണാൽ ഒന്നു പാളി നോക്കിയവൻ..
അവനെ മറികടന്നു പോയ സേതു വെറുതെ ഒരു മൂളിപ്പാട്ടു പാടി…
“ഡീ..നീ നന്നായി പാടുന്നുണ്ടല്ലോ…ഒന്നൂടി പാടിക്കേ… കേൾക്കട്ടെ..”ജാൻസി കെഞ്ചി..
സേതു വീണ്ടും ഒന്നു പതിയെ ഈണത്തിൽ പാടി…
“കാറ്റേ…നീ വീശരുതിപ്പോൾ…
കാറെ….നീ പെയ്യരുതിപ്പോൾ..
ആരോമൽ ബുള്ളറ്റിലെന്റെ ജീവന്റെ ജീവനിരിപ്പൂ…”
അതു കേട്ടു ജാൻസി പൊട്ടിച്ചിരിച്ചു…
“അയ്യോ…പതുക്കെ..”പറഞ്ഞു കൊണ്ട് സേതു പതുക്കെ തിരിഞ്ഞു നോക്കിയപ്പോൾ അവളെ തന്നെ നോക്കിക്കൊണ്ട് ശ്രീ ബുള്ളറ്റിൽ ഇരിപ്പുണ്ടായിരുന്നു….
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…