ഇന്നും മഴക്കും മൂടല്‍മഞ്ഞിനും സാധ്യതുള്ളതായി കാലാവസ്ഥാ കേന്ദ്രം
അബുദാബി: യുഎഇയില്‍ ഇന്നും ഇന്നലത്തേതിന് സമാനമായ കാലാവസ്ഥായായിരിക്കും അനുഭവപ്പെടുകയെന്നും മഴയും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കിഴക്കും പടിഞ്ഞാറും മേഖലകളാവും അസ്ഥിരമായ കാലാവസ്ഥക്ക് കൂടുതല്‍ വിധേയമാവുക. പൊതുവില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. ആകാശം നേര്‍ത്ത മേഘങ്ങളാല്‍ ആവരണം ചെയ്ത നിലയിലാവും.
കടലിലും സമീപ പ്രദേശങ്ങളിലെ ദ്വീപുകളിലും നേരിയ തോതില്‍ മഴ പെയ്യാം. വെള്ളിയാഴ്ച രാവിലെവരെ അന്തരീക്ഷ ഈര്‍പ്പം അനുഭവപ്പെടും. ഒപ്പം മൂടല്‍മഞ്ഞോ, നേര്‍ത്ത മൂടല്‍മഞ്ഞോ അനുഭവപ്പെടാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഉള്‍നാടന്‍ പ്രദേശങ്ങളിലാവും കാലാവസ്ഥാ മാറ്റം കൂടുതല്‍ ശക്തമായി അനുഭവപ്പെടുക. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍വരെ വേഗം കൈവരിച്ചേക്കാം. വടക്കുനിന്നും തെക്കോട്ടാവും കാറ്റിന്റെ ഗതി. അറബിക്കടലും ഒമാന്‍ കടലും പൊതുവേ ശാന്തമായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.