Gulf

ഫിഫ വേള്‍ഡ് കപ്പ് 2034ന് ആതിഥ്യമരുളാന്‍ യോഗ്യത നേടി അറബ് ലോകത്തിന് അഭിമാനമായി സഊദി

റിയാദ്: അറബ് ഫുട്‌ബോള്‍ ലോകം ഏറെ പ്രതീക്ഷയോടെയും പ്രാര്‍ഥനയോടെയും കാത്തിരുന്ന ആ മഹത്തായ സ്വപ്‌നതുല്യമായ അനുമതി നേടി ലോകത്തിന്റെ നെറുകയില്‍ എത്തിനില്‍ക്കുകയാണ് സഊദി. 2034ലെ ഫിഫ ലോക കപ്പ് ഫുട്‌ബോളിന് ആതിഥ്യം അരുളാനുള്ള യോഗ്യതയാണ് സഊദി നേടിയിരിക്കുന്നത്. സഊദി അറേബ്യന്‍ അധികൃതരുടെ ദീര്‍ഘകാലത്ത കഠിനാധ്വാനവും സ്വപ്‌നവുമാണ് ഇതിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.

അനുമതി ലഭിച്ചതായുള്ള വാര്‍ത്ത എത്തിയതോടെ സഊദി അറേബ്യ അക്ഷരാര്‍ഥത്തില്‍ ആഘോഷത്തിമര്‍പ്പിലേക്ക് മാറുകയായിരുന്നു. സഊദിയിലെ തെരുവുകളിലും പൊതുയിടങ്ങളായ പാര്‍ക്കുകളിലും ചത്വരങ്ങളിലുമെല്ലാം ആവേശം അലതല്ലുന്ന മനുഷ്യരെയാണ് പിന്നീട് കാണാനായത്. പലരും ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ തടിച്ചുകൂടി നിന്നു. രാജ്യത്തിന്റെ കായിക ചരിത്രത്തിലെ എക്കാലത്തേയും ഏടായി മാറുന്ന പ്രഖ്യാപനത്തിന് സാക്ഷിയാവാന്‍ ലക്ഷങ്ങളാണ് ടെലിവിഷന് മുന്നില്‍ കുത്തിയിരുന്നത്.

2030ലെ ഫിഫ വേള്‍ഡ് കപ്പിന് ആതിഥ്യമരുളാന്‍ സ്‌പെയിന്‍, മൊറോക്കോ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളെ ഫിഫയുടെ മാച്ചുകളുടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ഫിഫ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മൂന്നു മത്സരങ്ങള്‍ നടത്താന്‍ തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ ഉറുഗ്വാ, അര്‍ജന്റീന, പാരാഗ്വേ എന്നിവയെയും തിരഞ്ഞെടുത്തിരുന്നു.

ഫിഫയുടെ പുതിയ ഫോര്‍മാറ്റ് അനുസരിച്ച് 48 ടീമുകള്‍ മാറ്റുരക്കുന്ന ഫിഫ വേള്‍ഡ് കപ്പിന് ആതിഥ്യമരുളാന്‍ യോഗ്യത ലഭിച്ചിരിക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് സഊദി. രാജ്യത്തെ അഞ്ച് നഗരങ്ങളിലായാവും ലോക ഫുട്‌ബോളിന്റെ ഏറ്റവും വലിയ ആഘോഷമായ മത്സരങ്ങള്‍ അരങ്ങേറുക. ഫിഫ പ്രസിഡന്റ് ഗിയാന്നി ഇന്‍ഫാന്റിനോയുടെ നേതൃത്വത്തില്‍ 200ല്‍ അധികം ഫിഫ അസോസിയേഷന്‍ അംഗങ്ങള്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നാണ് 2034ലേക്കുള്ള അതിഥി രാജ്യത്തെ തിരഞ്ഞെടുത്തത്. മത്സരം നടത്താനുള്ള യോഗ്യതാ മാനദണ്ഡങ്ങളില്‍ ചരിത്രത്തില്‍ ആദ്യമായി 5ല്‍ 4.18 സ്‌കോര്‍ നേടിയാണ് സഊദി അനുമതി സ്വന്തമാക്കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!