Wednesday, 11 November 2026 About Us · Contact Us

ജെ സി ഡാനിയൽ പുരസ്കാരം ഷാജി എൻ കരുണിന്

ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണിന് 2023 ലെ ജെസി ഡാനിയല്‍ പുരസ്‌കാരം. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം കരുണിന് നല്‍കുന്നത്. വാര്‍ത്താകുറിപ്പിലൂടെ മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി, ജി.അരവിന്ദന്റെ ക്യാമറാമാന്‍ എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. 31 പുരസ്‌കാരങ്ങള്‍ നേടുകയും 270 ഓളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്ത ‘പിറവി’, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘സ്വം’, കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന ഷാജി എന്‍. കരുണ്‍ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരത്തിന് ഏറ്റവും അര്‍ഹനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. 1952ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974ല്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപീകരണവേളയില്‍ അതിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. 1988ല്‍ പുറത്തിറങ്ങിയ ‘പിറവി’യാണ് ആദ്യമായി സംവിധായനം ചെയ്ത ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാനപുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്’, പത്മശ്രീ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു

24 Jan 2025

എയര്‍ലിഫ്റ്റ് സഹായം: അത് ബില്ല് ചെയ്തതാണ്; ആ പണം കേന്ദ്രത്തിന് അടയ്‌ക്കേണ്ടതില്ലെന്ന് വി മുരളീധരന്‍

14 Dec 2024

ക്ഷേമ പെന്‍ഷന്‍ തുക കൈയിട്ട് വാരിയവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും; എട്ടിന്റെ പണി കൊടുത്ത് സര്‍ക്കാര്‍

12 Dec 2024

എ പി വിഭാഗം നേതാവ് അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍; നാമനിര്‍ദേശം ചെയ്തത് മുക്കം ഉമര്‍ ഫൈസി

10 Dec 2024

വൈദ്യുതി ബിൽ അടക്കാത്ത 18 സ്ഥാപനങ്ങളിൽ നിന്നായി 272 കോടി; ഒടുവിൽ എഴുതിത്തള്ളി സർക്കാർ

03 Dec 2024

രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍വരുന്നു; മാതൃകാപരമായ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍

30 Nov 2024