കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ ജപ്തി നടപടികൾക്കിടെ സ്ത്രീ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി കുടുംബം. തിങ്കളാഴ്ച കവിതയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് കവിതയുടെ ബന്ധുക്കൾ പറഞ്ഞു. വായ്പ തിരിച്ചടവിന് അഞ്ച് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടും ബാങ്കിൻ്റെ കടുംപിടുത്തമാണ് കവിതയുടെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം .
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ബാങ്ക് പ്രവർത്തി ദിനമായ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി മൃതദേഹവുമായി ബാങ്കിന് മുൻപിൽ പ്രതിഷേധിക്കും.
2018ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്ന് ഭവനനിർമാണ ആവശ്യത്തിനായാണ് കവിതയും ഭർത്താവ് ബാബുവും വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ 50 ലക്ഷം രൂപയായി തിരിച്ചടവ് ഉയർന്നു .
ഇന്നലെ രാവിലെ 11 മണിയോടെ ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതർ കൂത്താളിയിലെ വീട്ടിലേക്ക് എത്തി. ഈ നടപടി പുരോഗമിക്കുന്നതിനിടെയാണ് വീടിന് പുറകിലെ പഴയ വീട്ടിൽ കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാനായി വായ്പ തിരിച്ചടവിലേക്ക് നിശ്ചിത തുക അടയ്ക്കാൻ 5 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുപോലും ബാങ്ക് അധികൃതർ വഴങ്ങിയില്ല എന്ന് കവിതയുടെ ഭർത്താവ് ബാബു ആരോപിച്ചിരുന്നു.