തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡിസിസി അംഗം സുഹൈല്‍ ഷാജഹാൻ പണം വാങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ഡോ സാബൈൻ ശിവദാസനിൽ നിന്നുമാണ് 10 ലക്ഷം രൂപ സുഹൈൽ ഷാജഹാൻ വാങ്ങിയത്. ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തി പണം വാങ്ങിയത്. പിന്നാലെയാണ് പേട്ട പോലീസ് പ്രതിയെ പിടികൂടിയത്. പൊലീസ് നിർദ്ദേശ പ്രകാരമായിരുന്നു ഡോ. സബൈൻ ശിവദാസ് പണം കൈമാറിയതും തെളിവുകളോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതും. പൊലീസാണ് രഹസ്യ കാമറ ഉപയോഗിച്ച് സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
ഡോ. സബൈന്‍ ശിവദാസന്റെ പരാതിയില്‍ പേട്ട പൊലീസ് ആണ് സുഹൈല്‍ ഷാജഹാനെ അറസ്റ്റ് ചെയ്തത്. എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയാണ് സുഹൈല്‍. കഴിഞ്ഞ ശനിയാഴ്ച ചങ്ങാതിക്കൂട്ടം എന്ന ചാനലില്‍ ആശുപത്രിയെ സംബന്ധിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത വന്നിരുന്നുവെന്നും ഇത് പിന്‍വലിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് സുഹൈല്‍ ഷാജഹാന്‍ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ഡോ. സബൈന്‍ ശിവദാസൻ്റെ ആരോപണം. ആദ്യം വിസമ്മതിച്ചതോടെ വീണ്ടും ബന്ധപ്പെടുകയായിരുന്നു. ഭയമായതോടെ പത്ത് ലക്ഷം രൂപ കൊടുക്കാമെന്ന് അറിയിക്കുകയും ചൊവ്വാഴ്ച വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ആശുപത്രിയെ സംബന്ധിച്ചുള്ള പോസ്റ്റ് ഉടന്‍ ചാനലില്‍ നിന്നും മാറ്റിയിരുന്നു. ചൊവ്വാഴ്ച പണം കൈമാറാന്‍ എത്തിയതോടെ തങ്ങള്‍ പൂട്ടിയിടുകയും പൊലീസിനെ വിളിക്കുകയുമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു
കൊച്ചിയിലെ കാപ്പ കേസ് പ്രതികളുടെ വിവാദയോഗവും ഏകോപിപ്പിച്ചത് സുഹൈല്‍ ഷാജഹാന്‍ ആയിരുന്നു. യോഗത്തില്‍ കെ സുധാകരന്‍ പങ്കെടുത്തത് വിവാദമായിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനാണ് സുഹൈല്‍ ഷാജഹാന്‍.