നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വനിതാ സബ് ഇൻസ്പെക്ടറെ സർക്കാർ ക്വാർട്ടേഴ്സിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർച്ച പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ രശ്മി ഗൗതം (27) ആണ് മരിച്ചത്. 2023 ബാച്ച് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥയായിരുന്നു രശ്മി.
ചൊവ്വാഴ്ച രാവിലെ രശ്മിയുടെ പിതാവ് മകളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് അദ്ദേഹം രശ്മിയുടെ സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. സഹപ്രവർത്തകർ ക്വാർട്ടേഴ്സിലെത്തി പരിശോധിച്ചപ്പോഴാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ജാർച്ച പൊലീസ് സ്റ്റേഷൻ ഇൻചാർജ് കൈലാഷ് നാഥ് അറിയിച്ചു. ശരീരത്തിൽ പരുക്കേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂ എന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.