അഗർത്തല: ത്രിപുരയിൽ കൂട്ടബലാത്സംഗത്തിന് ഇരയായതിനെ തുടർന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച 46-കാരി ചികിത്സയിലിരിക്കെ മരിച്ചു. ദക്ഷിണ ത്രിപുര ജില്ലയിലെ സബ്രൂം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ന്യൂട്ടൻ പാറയിൽ അതിക്രമത്തിനിരയായ വീട്ടമ്മയാണ് ഞായറാഴ്ച അഗർത്തലയിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.
ലഹരിവസ്തുക്കൾ നൽകിയ ശേഷം പ്രതികൾ തന്നെ കൂട്ടബലാത്സംഗം ചെയ്തതായാണ് യുവതി പൊലീസിൽ മൊഴി നൽകിയിരുന്നത്. സംഭവത്തിന് തൊട്ടടുത്ത ദിവസം കടുത്ത മനോവിഷമത്തിൽ വീട്ടമ്മ സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ തന്നെ അഗർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദീപതനു ബിശ്വാസ് അറിയിച്ചു.