കോർബ: ഛത്തീസ്ഗഢിലെ കോർബ ജില്ലയിൽ സഹോദരിയുടെ മരണത്തെ തുടർന്ന് മനോവിഷമം കാരണം 10 വയസുകാരി ആത്മഹത്യ ചെയ്തു. ബാംഗോ പൊലീസ് സ്റ്റേഷൻ പരിധിയിലെ അമതിക്ര ഗ്രാമത്തിലാണ് സംഭവം.
പനിയെ തുടർന്നാണ് രണ്ടര മാസം പ്രായമുള്ള റാണി എന്ന കുഞ്ഞ് മരിച്ചത്. റാണിയുടെ സഹോദരിയായ രൂപ്കുൻവർ ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്രാമത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു റാണി. അസുഖം ഭേദമാകാത്തതിനെ തുടർന്ന് കോർബ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വ്യാഴാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
തുടർന്ന് കുഞ്ഞിന്‍റെ പിതാവായ സുഖിറാം മൃതദേഹവുമായി ഗ്രാമത്തിലേക്ക് മടങ്ങി. എന്നാൽ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മൂത്തമകളായ രൂപ്കുൻവറിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപം മറ്റൊരു സഹോദരിയായ മൂന്നര വയസുള്ള രാഗിണിയും ഇരിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ രൂപ്കുൻവറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. കൂലിത്തൊഴിലാളിയാണ് കുട്ടികളുടെ പിതാവായ സുഖിറാം.
രണ്ടര മാസം പ്രായമുള്ള സഹോദരിയുമായി രൂപ്കുൻവർ വളരെയധികം അടുപ്പത്തിലായിരുന്നുവെന്നും മരണവിവരം അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും അധികൃതർ പറഞ്ഞു. അതേസമയം, അന്വേഷണത്തിന് ശേഷം മാത്രമേ രൂപ്കുൻവറിന്‍റെ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ബാംഗോ പൊലീസ് കേസെടുത്തു.