ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ്. മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കോൺഗ്രസ് നേതാക്കളുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരായാണ് പ്രതിഷേധം. മധ്യപ്രദേശ് യൂത്ത് കോൺഗ്രസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും റദ്ദാക്കിയെന്ന് യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു. ബംഗാളിൽ നിന്ന് പദയാത്ര നടത്തി ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ട വ്യക്തിയുടെ പോസ്റ്റും മെറ്റ നീക്കം ചെയ്തെന്നും ഇതൊക്കെ എന്തിനെന്ന് വ്യക്തമാക്കണമെന്നും ഐവൈസി അധ്യക്ഷൻ ഉദയ് ഭാനു ചിബ് ആവശ്യപ്പെട്ടു.
ദില്ലിയിലും ഗുജറാത്തിലും മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ ‘മാർക്ക് ബിജെപി ബർഗ്’ എന്ന് കളിയാക്കി ബാനറുകൾ പ്രദർശിപ്പിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ആർഎസ്എസിൻ്റെ ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രമായിരുന്നു ബാനറുകളിൽ ഉണ്ടായിരുന്നത്. നേരത്തെ ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മെറ്റ ആസ്ഥാനത്തേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.