ന്യൂഡൽഹി: ജുഡീഷ്യൽ നിയമനങ്ങളിലും ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിലും സമുദായ പക്ഷപാതം നിലനിൽക്കുന്നുവെന്ന് ആരോപിച്ച് മുൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ബി.ആർ. ഗവായ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. സുപ്രീംകോടതി കൊളീജിയത്തിന്റെ സമീപനത്തിനെതിരെയാണ് ഗവായ് ഗുരുതരമായ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർക്ക് ജഡ്ജി നിയമനങ്ങളിൽ അമിതമായ പരിഗണന ലഭിക്കുന്നുവെന്നും പട്ടികജാതി, പട്ടികവർഗം, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവരുടെ പ്രാതിനിധ്യം അവഗണിക്കപ്പെടുന്നുവെന്നുമാണ് കത്തിലെ പ്രധാന ആരോപണം.
രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ വരുന്ന ഒരു സമുദായത്തിന് സുപ്രീംകോടതിയിൽ 40 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കത്തിൽ സമുദായത്തിന്റെ പേര് പരാമർശിച്ചിട്ടില്ല.
2018 മുതൽ ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട 715 ജഡ്ജിമാരിൽ 22 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും 16 പേർ പട്ടികവർഗത്തിൽ നിന്നും 89 പേർ ഒബിസി വിഭാഗത്തിൽ നിന്നും 37 പേർ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുമാണെന്നും ഗവായ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിലും സ്ഥാനക്കയറ്റത്തിലും മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്നും അദ്ദേഹം ചോദ്യം ചെയ്തു. കൊളീജിയത്തിന്റെ ശുപാർശകൾക്ക് മുൻഗണനയുണ്ടെന്നത് അതിനെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കുന്നില്ലെന്നും രാഷ്ട്രപതിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഇല്ലാതാക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും നീതിന്യായ വ്യവസ്ഥയിൽ എല്ലാ വിഭാഗങ്ങൾക്കും തുല്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഗവായ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളിനും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.