ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി. പെരമ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയാണ് കോടതി നിരസിച്ചത്.
ജസ്റ്റിസ് വി. ലക്ഷ്മിനാരായണനാണ് ഉത്തരവിട്ടത്. വിജയ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്തുക്കളുടെയും വരുമാനത്തിന്റെയും വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണങ്ങൾ വിചാരണയിലൂടെ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി നൽകിയത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം.
എന്നാൽ, ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്ന് തെളിയിക്കുന്ന മതിയായ വിവരങ്ങൾ ഹർജിയിലില്ലെന്നായിരുന്നു വിജയ്‌യുടെ അഭിഭാഷകരുടെ വാദം. സ്വത്തുവിവരങ്ങളിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ക്രിമിനൽ പശ്ചാത്തലം മറച്ചുവെക്കുന്നതിന് തുല്യമല്ലെന്നും വാദിച്ചിരുന്നു.
വിജയ്‌യുടെ അപേക്ഷ തള്ളിയതോടെ തിരഞ്ഞെടുപ്പ് ഹർജിയിൽ തുടർനടപടികൾക്ക് വഴിതുറന്നു. അതേസമയം, വിജയ് സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിട്ടുമില്ല. വിചാരണയിലാണ് ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കുക.