ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി; സംഘർഷത്തിൽ ആശങ്ക അറിയിച്ചെന്ന് മോദി
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണിലാണ് നരേന്ദ്രമോദി സംസാരിച്ചത്. മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഇറാനെതിരെ യുഎസ്-ഇസ്രായേൽ ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി ഇറാൻ നേതാക്കളെ നേരിട്ട് ബന്ധപ്പെടുന്നത്
ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയിൽ, എൽപിജി ഇറക്കുമതിയിൽ ഇന്ത്യയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. പാചകവാതക പ്രതിസന്ധി രാജ്യത്തെ രൂക്ഷമായതിന് പിന്നാലെയാണ് മോദി ഇറാൻ പ്രസിഡന്റുമായി സംസാരിച്ചത്.
ഇറാൻ പ്രസിഡന്റുമായി സംസാരിച്ചു. മേഖലയിലെ ഗുരുതരമായ സാഹചര്യം ചർച്ച ചെയ്തു. സംഘർഷത്തിലും സാധാരണ ജനങ്ങളുടെ മരണത്തിലും അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടത്തിലും ആശങ്ക പ്രകടിപ്പിച്ചെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു