രാജസ്ഥാനിലെ ജഡ്ജിയുടെ ഭാര്യ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; മരണം ഭർത്താവിനൊപ്പം യാത്ര ചെയ്യവേ
രാജസ്ഥാനിലെ അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ ഭാര്യയെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജ്കുമാർ ചൗഹാന്റെ ഭാര്യ ഉഷ ചൗഹാനാണ് മരിച്ചത്. കച്ചിഗുഡ-ഭഗത് കി കോത്തി എക്‌സ്പ്രസിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവർ
ജോധ്പൂരിൽ നിന്ന് നിംബഹേരയിലേക്ക് പോകുകയായിരുന്നു. ഒന്നിച്ചാണ് യാത്രയെങ്കിലും ഇരുവരും വെവ്വേറെ കോച്ചുകളിലായിരുന്നു. ട്രെയിൻ നിംബഹേരയിൽ എത്തുന്നതിന് മുമ്പ് ഉഷ ഭർത്താവിനെ വിളിച്ച് താൻ ശുചിമുറിയിൽ പോകുകയാണെന്ന് അറിയിച്ചിരുന്നു. ട്രെയിൻ സ്‌റ്റേഷൻ എത്തിയപ്പോൾ ജഡ്ജി ട്രെയിനിൽ നിന്നിറങ്ങി ഭാര്യയെ കാത്തുനിന്നു
ഏറെ നേരം കഴിഞ്ഞിട്ടും ഭാര്യയെ കാണാത്തതിനാൽ റെയിൽവേ പോലീസിൽ വിവരം അറിയിച്ചു. ഇവർ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഉഷ ട്രെയിനിൽ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് മനസിലായി. ഇതോടെ ഇവർ ട്രെയിനിൽ തന്നെയുണ്ടെന്ന് വ്യക്തമായി.
ട്രെയിൻ അപ്പോഴേക്കും രത്‌ലം ജില്ലയിലെ ജോറ സ്‌റ്റേഷനിൽ എത്തിയിരുന്നു. ഇവിടെ വെച്ച് ട്രെയിനിന്റെ ശുചിമുറി തകർത്ത് അകത്ത് നോക്കിയപ്പോഴാണ് ഉഷയെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.