{"vars":{"id": "89527:4990"}}

ഇതുവരെയില്ലാത്ത പ്രതിസന്ധി: എൽപിജി സിലിണ്ടർ ബുക്കിംഗ് ഇടവേള 45 ദിവസമാക്കി കേന്ദ്രം
 

 

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ പാചക വാതക ലഭ്യതയെ ബാധിച്ചതോടെ ഗ്രാമീണ മേഖലയിൽ സിലിണ്ടർ ബുക്കിംഗിനുള്ള ഇടവേള 25 ൽ നിന്ന് 45 ദിവസമായി വർധിപ്പിച്ചു. ഹോർമൂസ് കടലിടുക്ക് അടച്ചത് പാചകവാതകത്തിന്റെ ആഭ്യന്തര വിതരണത്തെ ബാധിച്ചെന്നും രാജ്യം മുമ്പെങ്ങും കാണാത്ത സാഹചര്യമാണെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി

അതേസമയം രാജ്യത്തെവിടെയും എൽപിജി ലഭ്യത ഇതുവരെ ഇല്ലാതായിട്ടില്ലെന്നും ബുക്കിംഗ് പലമടങ്ങ് വർധിച്ചത് പരിഭ്രാന്തിയെ തുടർന്നാണെന്നും മന്ത്രാലയം പറയുന്നു. എൽപിജി ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി ആലോചിച്ച് എണ്ണ വിതരണ കമ്പനികൾ കൂടുതൽ വാണിജ്യ സിലിണ്ടറുകൾ നൽകും

ഇവയുടെ വിതരണത്തിനുള്ള മുൻഗണന സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം. വാണിജ്യ എൽപിജി സിലിണ്ടറുകളുടെ 20 ശതമാനവും സംസ്ഥാന സർക്കാരുകളുമായി ആലോചിച്ച് ഇനി വ്യാവസായിക, വാണിജ്യ ഉപയോക്താക്കൾക്കാണ് നൽകുക. അതേസമയം വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണവും പ്രതിസന്ധിയിലാകുന്നുവെന്നാണ് റിപ്പോർട്ടുകൾ