ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പൗരി ഗഢ്‌വാൾ ജില്ലയിൽ വാഹനം നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെ റിഖ്നിഖാൽ മേഖലയിലെ കൽവാഡി ഗ്രാമത്തിന് സമീപമാണ് അപകടം.
12 പേർ സഞ്ചരിച്ചിരുന്ന ഈക്കോ വാഹനമാണ് ഏകദേശം 300 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ഏഴ് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരെല്ലാം ഭംഗൽവാഡ് ഗ്രാമവാസികളാണെന്നാണ് റിപ്പോർട്ട്.
അപകടവിവരം ലഭിച്ചയുടൻ പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഉയർന്ന മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശം നൽകി.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.