'വിശ്വഗുരു വിശ്വഫോണിയായി'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്
Mar 29, 2026, 18:32 IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ്. മോദിയുടെ വ്യക്തികേന്ദ്രീകൃതമായ വിദേശനയം പരാജയപ്പെട്ടുവെന്നും, സ്വയം പ്രഖ്യാപിത 'വിശ്വഗുരു' എന്നത് വെറും 'വിശ്വഫോണി' (Vishwaphoney) അഥവാ വ്യാജനാണെന്ന് തെളിഞ്ഞതായും കോൺഗ്രസ് ആരോപിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്ഥാൻ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആഞ്ഞടിച്ചത്. ഇന്ത്യയുടെ നയതന്ത്ര പരാജയമാണ് പാകിസ്ഥാൻ ഇപ്പോൾ ഒരു 'ദല്ലാൾ' അഥവാ ഇടനിലക്കാരന്റെ റോൾ ഏറ്റെടുക്കാൻ കാരണമെന്ന് അദ്ദേഹം വിമർശിച്ചു.
പ്രധാന ആരോപണങ്ങൾ:
- നയതന്ത്ര പരാജയം: മോദി സർക്കാർ ഇന്ത്യയുടെ സൈനിക നേട്ടങ്ങളെ നയതന്ത്ര വിജയമാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു.
- പാകിസ്ഥാന്റെ ഉയർച്ച: ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടു നിന്നിരുന്ന പാകിസ്ഥാൻ ഇപ്പോൾ നിർണ്ണായകമായ നയതന്ത്ര ഇടപെടലുകൾ നടത്തുന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ തകർച്ചയാണ്.
- വ്യക്തികേന്ദ്രീകൃത നയം: വിദേശനയം രാജ്യതാൽപ്പര്യത്തിന് പകരം വ്യക്തിപരമായ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഉപയോഗിച്ചതാണ് ഈ തിരിച്ചടികൾക്ക് കാരണമെന്ന് കോൺഗ്രസ് ആരോപിക്കുന്നു.