ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി
Jan 30, 2025, 12:22 IST
ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ അധ്യാപകനെതിരെ വീണ്ടും കേസ്. ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹനെതിരെ(32) പുതിയ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. മണക്കാട് സ്‌കൂളിലെ ആറാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അരുണിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തത്. കുട്ടി വിവരം കൂട്ടുകാരോടും സുഹൃത്തുക്കൾ വിവരം ആയയോടും പറയുകയായിരുന്നു. ഇവർ സ്‌കൂൾ പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. എന്നാൽ പോലീസിൽ അറിയിക്കാതെ പ്രിൻസിപ്പൽ വിവരം രഹസ്യമാക്കി വെച്ചെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്. സ്‌കൂൾ പ്രിൻസിപ്പലിനെതിരെ കേസെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ഈ വാർത്ത വന്നതോടെയാണ് ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും പീഡനവിവരം വീട്ടുകാരോട് വെളിപ്പെടുത്തിയത്. ഓണാഘോഷ പരിപാടിക്കിടെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.
