സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി സതീശൻ മൗനം പാലിക്കുന്നു; യുഡിഎഫിനും പങ്ക്: കെ. സുരേന്ദ്രൻ

കെ സുരേന്ദ്രൻ

സിപിഎം നേതാവ് പിണറായി വിജയന്‍റെ മകൾ ടി. വീണയ്ക്കെതിരായ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) അന്വേഷണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മൗനം പാലിക്കുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. സിഎംആർഎൽ കള്ളപ്പണക്കേസിൽ നിരവധി യുഡിഎഫ് നേതാക്കൾക്കും പങ്കുണ്ടെന്നതിനാലാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും സുരേന്ദ്രൻ ആരോപിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്ന് മാസമായി അധികാരത്തിലുള്ള സതീശൻ സർക്കാർ മുൻ എൽഡിഎഫ് സർക്കാരിന്‍റെ അതേ നയങ്ങളാണ് പിന്തുടരുന്നതെന്നും എല്ലാ വിഷയങ്ങളിലും എൽഡിഎഫിനും യുഡിഎഫിനും ഒരേ നിലപാടാണെന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയനും കുടുംബവും ഉൾപ്പെട്ട കേസിലെ അന്വേഷണം വൈകുന്നതെന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ സതീശൻ പലതവണ ചോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം സംശയകരമായ മൗനം പാലിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. “ഇഡി അന്വേഷണം ശക്തമായി മുന്നോട്ടുപോകുകയും നിരവധി ഗുരുതരമായ തെളിവുകളും കണ്ടെത്തലുകളും പുറത്തുവരികയും ചെയ്യുമ്പോൾ, മുഖ്യമന്ത്രിയെന്ന നിലയിൽ താൻ അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നാണ് വി.ഡി. സതീശൻ പറയുന്നത്”- സുരേന്ദ്രൻ പറഞ്ഞു.

കേസ് ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ നിരവധി പ്രമുഖ യുഡിഎഫ് നേതാക്കളും അന്വേഷണത്തിന്‍റെ പരിധിയിൽ വരാനുള്ള സാധ്യതയുള്ളതാണ് സതീശന്‍റെ മൗനത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. സിഎംആർഎൽ കേസിൽ എൽഡിഎഫിനും യുഡിഎഫിനും പങ്കുണ്ടെന്നും ഇരു മുന്നണികളിലെയും നേതാക്കൾ കമ്പനിയിൽനിന്ന് കൈക്കൂലിയും പ്രതിമാസ പണമിടപാടുകളും കൈപ്പറ്റിയെന്നുമാണ് ബിജെപിയുടെ നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ എൽഡിഎഫ്-യുഡിഎഫ് അന്തർധാര സജീവമാണെന്നും അഴിമതിക്കേസുകളിൽ ഇരു മുന്നണികൾക്കും തുല്യ പങ്കാളിത്തമാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

Tags

Share this story