രഞ്ജിത്തിന്‍റെ അറസ്റ്റ് ഞെട്ടിച്ചില്ല, ശിക്ഷ എന്ന പേരിൽ ഇവിടെ നടക്കുന്നത് വെറും അഭിനയം; മടുത്തെന്ന് പാർവതി തിരുവോത്ത്
ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിലായതിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. മുൻപ് ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തയാളാണ് രഞ്ജിത്തെന്നും അതിൽ അറസ്റ്റ് തന്നെ ഒട്ടും ഞെട്ടിക്കുന്നില്ലെന്നും പാർവതി പറഞ്ഞു.
"സംവിധായകൻ രഞ്ജിത്തിന്‍റെ അറസ്റ്റ് എനിക്ക് ഒരു സർപ്രൈസോ ഷോക്കോ അല്ല. ഇത്തരം കാര്യങ്ങൾ ഇവിടെ ആവർത്തിക്കപ്പെടുക തന്നെ ചെയ്യും. കാരണം, മുൻകാലത്ത് അവർ ചെയ്ത തെറ്റുകൾക്ക് അവർ ഒരു വിലയും കൊടുക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ കുറ്റവാളികൾക്ക് യാതൊരു പേടിയുമില്ല. അതിജീവിച്ചവരെ വിശ്വസിക്കണമോ അതോ മറുവശത്തുള്ളവരെ വിശ്വസിക്കണമോ എന്നൊക്കെയുള്ള ചർച്ചകൾ ഇനിയും നീണ്ടുപോയേക്കാം." - പാർവതി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷത്തോളം പുറത്തുവിടാതെ രഹസ്യമാക്കിയെന്നാണ് പാർവതിയുടെ വാക്കുകൾ. ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാത്തതും, സുരക്ഷിതമായ ഒരു തൊഴിലിടം ഉറപ്പാക്കാൻ കൃത്യമായ നടപടികൾ ഇല്ലാത്തതും കൊണ്ടാണ് ഇന്നും പലർക്കും യാതൊരു ഭയവുമില്ലാത്തതെന്നും നടി പറഞ്ഞു. പരാതികളുമായി മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് പിന്നീട് ഈ ഇൻഡസ്ട്രിയിൽ ജോലി ലഭിക്കാത്ത അവസ്ഥയുണ്ട്. അവർക്ക് സാമ്പത്തികമായി നിലനിൽക്കാൻ സാധിക്കാതെ വരുന്നു. പണമുള്ളവർക്കും സ്വാധീനമുള്ളവർക്കും എതിരെ പൊരുതുക എന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ വെല്ലുവിളിയാണ്. ശിക്ഷ എന്ന പേരിൽ ഇവിടെ നടക്കുന്നത് വെറും അഭിനയമാണ്. അതിജീവിതർ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സമൂഹം വേണ്ടത്ര ബോധവാന്മാരല്ല. പലർക്കും പേരുകൾ അറിയാനുള്ള ആകാംക്ഷ മാത്രമാണുള്ളത്, നീതി നടപ്പിലാക്കുന്നതിൽ താൽപ്പര്യമില്ല. ജനങ്ങൾ പലപ്പോഴും ചോദിക്കുന്നത് "എന്തുകൊണ്ട് ഇവർ നേരത്തെ പറഞ്ഞില്ല?" എന്നാണ്. എന്നാൽ സിസ്റ്റത്തിന്റെ പോരായ്മകൾ മൂലം അവർക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
ആക്റ്റിവിസ്റ്റ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾക്കൊപ്പം സിനിമയിൽ തുടരാൻ കഷ്ടപ്പെടുകയാണെന്നും നടി കൂട്ടിച്ചേർത്തു. ഒരിക്കൽ കരീന കപൂർ പറഞ്ഞ ഞാൻ മടുത്തുപോയി എന്ന വാചനം ഞാൻ അടുത്തിടെ കേട്ടു. അതിനുശേഷം ഞാൻ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാൻ മടുത്തുപോയി. പക്ഷേ, ഇവിടെ ഞങ്ങൾക്കും ജീവിക്കണം, കൂടെ ജോലി ചെയ്യുകയും വേണം. ആക്ടിവിസ്റ്റ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റുന്നതിനൊപ്പം തന്നെ സ്വന്തം തൊഴിലിൽ ശ്രദ്ധിക്കാനും പണം സമ്പാദിക്കാനും പ്രസക്തമായി നിലനിൽക്കാനും ഞങ്ങൾ പാടുപെടുകയാണ്.- പാർവതി വ്യക്തമാക്കി.
