അതിതീവ്ര ന്യൂനമർദ്ദ സാധ്യത; അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ: നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദ്ദ സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യത. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി തീവ്ര ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23 രാത്രിയോ 24 പുലർച്ചെയോടെയോ വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിലൂടെ അതിതീവ്ര ന്യൂനമർദ്ദമായി കരതൊടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ സെപ്റ്റംബർ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് എന്നീ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags

Share this story