യുഡിഎഫിന്റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകും; ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമാകും: സതീശൻ
യുഡിഎഫിന്റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു സതീശൻ. ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ്. അയ്യപ്പന്റെ സ്വർണം കവർന്നവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും സതീശൻ ആരോപിച്ചു
അന്വേഷണം ഉന്നതരിലേക്ക് പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദമുണ്ട്. തെരഞ്ഞെടുപ്പ് കഴിയും വരെ ഉന്നതരെ ചോദ്യം ചെയ്യാതിരിക്കാൻ സമ്മർദമുണ്ട്. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമാകും. യുഡിഎഫ് നേരത്തെ തുടങ്ങിയ മുന്നൊരുക്കവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സർക്കാർ വിരുദ്ധവികാരം ശക്തമാണെന്നും സതീശൻ പറഞ്ഞു
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മോക് പോളിംഗിന് ശേഷം രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് ബൂത്തുകളിൽ രാവിലെ തന്നെ നീണ്ട നിരയാണ് കാണുന്നത്
മൂന്ന് കോർപറേഷനുകൾ, 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 447 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. 11,168 വാർഡുകളിലാണ് ജനം വിധിയെഴുതുന്നത്.
